തിരുവനന്തപുരം: കണ്ണൂരിൽ പാർട്ടി വിട്ട ടി കെ ഗോവിന്ദനെയും വി കുഞ്ഞികൃഷ്ണനെയും തെറ്റ് തിരുത്തിയാൽ തിരിച്ചെടുക്കാമെന്ന എം വി ജയരാജന്റെ പരാമർശം തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അത് പാർട്ടി നേതൃത്വത്തിന്റെ ഔദ്യോഗിക നിലപാടല്ലെന്നും ജയരാജൻ വ്യക്തിപരമായാണ് പ്രതികരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
“ഓരോരുത്തരും ഓരോ ചാനലിൽ പറയുന്ന കാര്യങ്ങൾക്ക് മറുപടി പറയേണ്ട കാര്യമില്ല. പാർട്ടിയുടെ ഭാഗമായല്ല അദ്ദേഹം സംസാരിച്ചത്,” എന്ന് എം വി ഗോവിന്ദൻ പറഞ്ഞു.
തെറ്റ് തിരുത്തുന്നവരെ പാർട്ടി സ്വീകരിക്കുന്ന നിലപാട് സിപിഎമ്മിനുണ്ടെങ്കിലും, പാർട്ടിയെ വഞ്ചിച്ച് വിമതരായി മത്സരിച്ചവർക്ക് അത് ബാധകമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടി കെ ഗോവിന്ദൻ, വി കുഞ്ഞികൃഷ്ണൻ ഉൾപ്പെടെയുള്ളവർ പാർട്ടിയെ വഞ്ചിച്ചവരാണെന്നും, അവർക്കെതിരായ വിമർശനം തുടരുമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.
സിപിഎമ്മിനുള്ളിൽ വിഭാഗീയതയുണ്ടെന്ന പ്രചാരണവും അദ്ദേഹം തള്ളി. പാർട്ടി നേതൃത്വത്തിനെതിരെ എതിർചേരി രൂപപ്പെട്ടെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
അതേസമയം, മുൻപ് നൽകിയ അഭിമുഖത്തിൽ തെറ്റ് തിരുത്തിയാൽ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാർട്ടിയിലേക്ക് മടങ്ങിവരുന്നതിൽ തടസ്സമില്ലെന്നാണ് എം വി ജയരാജൻ അഭിപ്രായപ്പെട്ടിരുന്നത്. എം വി രാഘവനെപ്പോലും അവസാന കാലത്ത് പാർട്ടി സ്വീകരിച്ചിരുന്നുവെന്നും, നയപരമായ തെറ്റിന്റെ പേരിൽ ഒരാളെ സ്ഥിരമായി ഒറ്റപ്പെടുത്തില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇതിനിടെ, “താൻ ചെയ്ത തെറ്റ് എന്താണെന്ന് ആദ്യം എം വി ജയരാജൻ വ്യക്തമാക്കട്ടെ, അതിന് ശേഷമേ മറുപടി പറയാനാകൂ,” എന്ന് വി കുഞ്ഞികൃഷ്ണൻ പ്രതികരിച്ചു. താൻ പറഞ്ഞ കാര്യങ്ങൾ പാർട്ടി ഇപ്പോൾ തിരിച്ചറിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


