തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ യുവാവിന്റെ കൊലപാതകക്കേസില്‍ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അച്ഛനും രണ്ട് മക്കളും അവരുടെ സുഹൃത്തും ഉള്‍പ്പെടെ നാലുപേരാണ് കസ്റ്റഡിയിലുള്ളത്. ആലുനിന്നകുഴി സ്വദേശിയായ ബിജു, മക്കളായ അമ്പാടി, മിഥുന്‍, അമ്പാടിയുടെ സുഹൃത്ത് എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്. ആക്രമണം നടത്തിയത് ആരാണെന്ന് കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നുമാണ് പൊലീസ് അറിയിച്ചത്.
നെയ്യാറ്റിന്‍കര സ്വദേശിയായ മനോജാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ബിജുവിന്റെ മകനെ കാണാനെത്തിയ സുഹൃത്ത് വീട്ടുമുന്നില്‍ ബൈക്ക് അമിതവേഗത്തില്‍ ഓടിച്ചതിനെ തുടര്‍ന്നാണ് തര്‍ക്കത്തിന് തുടക്കമായത്. ഇതിനെ മനോജ് ചോദ്യം ചെയ്തതോടെ വാക്കേറ്റമുണ്ടാകുകയും പിന്നീട് അത് കയ്യാങ്കളിയിലേക്ക് മാറുകയുമായിരുന്നു. ഇതിനിടെയുണ്ടായ ആക്രമണത്തിലാണ് മനോജിന് ഗുരുതരമായി പരിക്കേറ്റത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.











