കണ്ണൂർ: ഫേസ്ബുക്കിലൂടെ വെല്ലുവിളിയുമായി കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഡിവൈഎഫ്ഐ നേതാവ് ജിതിന്‍ ഭാസ്‌കര്‍. താൻ 10 പേരിലധികം പേർക്ക് സ്‌ക്രീൻഷോട്ട് അയച്ചുവെന്ന് തെളിയിക്കാൻ കഴിയുമോ എന്നതാണ് ജിതിന്റെ വെല്ലുവിളി. പാർട്ടി നേതൃത്വം പറഞ്ഞതിനാലാണ് കൂടുതൽ പ്രതികരിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ജാമ്യം ലഭിച്ച് ജിതിൻ ജയിൽ മോചിതനായത്.
തെരഞ്ഞെടുപ്പ് കാലത്ത് തന്റെ ബ്രോഡ്കാസ്റ്റ് ഗ്രൂപ്പിലൂടെ എൽഡിഎഫ് പ്രചാരണം നടത്തിയിരുന്നുവെന്നും, അതിൽ കോൺഗ്രസ് പ്രവർത്തകരടക്കം 250ഓളം പേർ ഉൾപ്പെട്ടിരുന്നുവെന്നും ജിതിൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. 200 പേർക്ക് താൻ പോസ്റ്റ് ഷെയർ ചെയ്തുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. തെളിവ് ഹാജരാക്കാനായാൽ കേസുമായി ബന്ധമുണ്ടെന്ന് അംഗീകരിക്കാമെന്നും ജിതിൻ വെല്ലുവിളിച്ചു.
അതേസമയം, കേസിൽ നിയമനടപടി ശക്തമാക്കാനാണ് എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിം ഒരുങ്ങുന്നത്. വ്യാജ പരാതിയുടെ അടിസ്ഥാനത്തിൽ തന്നെ കേസിൽ കുടുക്കിയെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. രണ്ട് വർഷത്തോളം അന്യായമായി വേട്ടയാടപ്പെട്ടുവെന്നും അദ്ദേഹം പ്രതികരിച്ചു. ആദ്യഘട്ടത്തിൽ എൽഡിഎഫ് പരാതിയിലാണ് കാസിമിനെതിരെ കേസ് എടുത്തത്, എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിൽ അദ്ദേഹം സ്‌ക്രീൻഷോട്ട് നിർമ്മിച്ചിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു.
അതിനിടെ, കാഫിർ സ്‌ക്രീൻഷോട്ട് കേസിലെ പ്രധാന തെളിവുകൾ നശിപ്പിക്കപ്പെട്ടതായി റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മൊബൈൽ ഫോൺ റീസെറ്റ് ചെയ്തതിനാൽ ഫോറൻസിക് വിഭാഗത്തിന് ഡാറ്റ വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഫോൺ സംസ്ഥാന ഫോറൻസിക് വിഭാഗത്തിലേക്ക് അയക്കണമെന്ന ആവശ്യവും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തെളിവ് നശിപ്പിച്ചതിൽ ജിതിൻ ഭാസ്കറിന്റെ പങ്കുണ്ടാകാമെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.


