ന്യൂഡൽഹി: ഡൽഹിയിലെ അരുണ ആസഫ് അലി ആശുപത്രിയിലെ ഡ്യൂട്ടി മുറിയിൽ ഡോക്ടറെ മരിച്ചനിലയിൽ കണ്ടെത്തി. അനസ്തീഷ്യ വിഭാഗത്തിലെ സീനിയർ റെസിഡന്റായിരുന്ന ഡോ. സിമർപ്രീത് സിങ് ആനന്ദ് (35) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. സംഭവത്തിൽ സിവിൽ ലൈൻസ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പഞ്ചാബിലെ ലുധിയാന സ്വദേശിയായ ഡോ. സിമർപ്രീത് സിങ് കഴിഞ്ഞ മൂന്ന് വർഷമായി ആശുപത്രിയിൽ സേവനമനുഷ്ഠിച്ചുവരികയായിരുന്നു. ഡ്യൂട്ടി മുറിയിൽ നിന്ന് മൂന്ന് പേജുള്ള ആത്മഹത്യാക്കുറിപ്പും വ്യക്തിപരമായ ഡയറിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ വിശദമായി പരിശോധിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.
ജൂലൈ 4-ന് രാത്രി എട്ട് മുതൽ ജൂലൈ 5-ന് രാവിലെ എട്ട് വരെയായിരുന്നു ഡോക്ടറുടെ ഡ്യൂട്ടി. രാവിലെ ഡ്യൂട്ടി മുറി അകത്തുനിന്ന് പൂട്ടിയ നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് സഹപ്രവർത്തകർ വാതിൽ ബലമായി തുറന്നപ്പോഴാണ് അദ്ദേഹത്തെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഡോക്ടറുടെ ഇടത് കൈയിൽ കാനുല ഘടിപ്പിച്ച നിലയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ശനിയാഴ്ച രാത്രി ഡോക്ടറുടെ അഭ്യർഥനപ്രകാരം ആശുപത്രിയിലെ ടെക്നീഷ്യൻ കാനുല ഇട്ടതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
സംഭവസ്ഥലം ജില്ലാ ക്രൈം ടീമും ഫൊറൻസിക് വിദഗ്ധരും പരിശോധിച്ചു. മുറിയിൽ നിന്ന് സിറിഞ്ചുകൾ, ഒഴിഞ്ഞ മരുന്ന് കുപ്പികൾ, ആത്മഹത്യാക്കുറിപ്പ്, കറുത്ത ബാഗിൽ സൂക്ഷിച്ചിരുന്ന ഡയറി എന്നിവ പൊലീസ് ശേഖരിച്ചു.
പ്രാഥമിക അന്വേഷണത്തിൽ ലഭിച്ച ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തിൽ ഇത് ആത്മഹത്യയാണെന്ന നിഗമനത്തിലാണെന്ന് പൊലീസ് അറിയിച്ചു. കുറിപ്പിൽ വ്യക്തിപരമായ ബന്ധവുമായി ബന്ധപ്പെട്ട പരാമർശങ്ങളുണ്ടെന്നും, അതിന്റെ എല്ലാ വശങ്ങളും അന്വേഷിച്ചുവരികയാണെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം, അന്വേഷണത്തിന്റെ അന്തിമഫലം പുറത്തുവരുന്നതുവരെ കൂടുതൽ നിഗമനങ്ങളിൽ എത്താനാകില്ലെന്നും പൊലീസ് അറിയിച്ചു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി. മെഡിക്കൽ ബോർഡിന്റെ മേൽനോട്ടത്തിൽ പോസ്റ്റ്മോർട്ടം നടത്തും. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ ഉൾപ്പെടെ എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.


