കൊച്ചി: നടി അൻസിബ ഹസന്റെ പരാതിയിൽ നടി ലക്ഷ്മിപ്രിയയ്ക്കും ഭർത്താവിനുമെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കോടതി നിർദേശത്തെ തുടർന്നാണ് തൃപ്പൂണിത്തുറ പൊലീസ് കേസെടുത്തത്. തൃപ്പൂണിത്തുറ വനിതാ സെൽ എസ്‌ഐ രേഷ്മയ്‌ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ലക്ഷ്മിപ്രിയ, ഭർത്താവ് ജയേഷ്, വനിതാ സെൽ എസ്‌ഐ രേഷ്മ എന്നിവർക്കെതിരായ പരാതിയിലാണ് തൃപ്പൂണിത്തുറ മജിസ്ട്രേറ്റ് കോടതി കേസെടുക്കാൻ നിർദേശിച്ചത്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് തുടർനടപടി സ്വീകരിച്ചത്.
തന്നെ തൃപ്പൂണിത്തുറ വനിതാ സെല്ലിൽ നിയമവിരുദ്ധമായി തടഞ്ഞുവച്ചെന്നും, സ്റ്റേഷൻ രേഖയിൽ മാപ്പെഴുതി ഒപ്പിടാൻ നിർബന്ധിച്ചെന്നും അൻസിബ പരാതിയിൽ ആരോപിച്ചിരുന്നു. പിന്നീട് താൻ അറിയാതെ ആ രേഖയിൽ മാറ്റങ്ങൾ വരുത്തിയതായും നടി ആരോപിച്ചു.
പരാതി മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും നൽകിയിരുന്നെങ്കിലും പൊലീസ് കേസിൽ കഴമ്പില്ലെന്ന് നിലപാട് സ്വീകരിച്ചതിനെ തുടർന്നാണ് അൻസിബ കോടതിയെ സമീപിച്ചത്. ലക്ഷ്മിപ്രിയ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു അൻസിബയുടെ പ്രധാന ആരോപണം.
വനിതാ സെൽ എസ്‌ഐ രേഷ്മയ്‌ക്കെതിരെയും അൻസിബ പരാതി നൽകിയിരുന്നു. ഒരു എക്സിക്യൂട്ടീവ് അംഗം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തന്നെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചതെന്നും അവിടെവച്ച് മോശം അനുഭവം ഉണ്ടായെന്നും അൻസിബ നേരത്തെ വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ പൊലീസിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും നടി പരാതി നൽകിയിരുന്നു.


