മുംബൈ: മുംബൈ വിമാനത്താവളത്തിൽ വൻ ദുരന്തത്തിന് വഴിവെക്കാനിടയായേക്കുമായിരുന്ന വിമാനക്കൂട്ടിയിടി അവസാന നിമിഷം ഒഴിവായി. ടേക്ക് ഓഫിന് തയ്യാറെടുക്കുകയായിരുന്ന എയർ ഇന്ത്യ വിമാനവും ലാൻഡ് ചെയ്തശേഷം റൺവേ ഒഴിയാൻ വൈകിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനവും ഒരേ റൺവേയിലായതോടെയാണ് അപകടസാധ്യത ഉണ്ടായത്. സംഭവത്തെക്കുറിച്ച് വാർത്താ ഏജൻസിയായ പി.ടി.ഐയാണ് റിപ്പോർട്ട് ചെയ്തത്.
ചൊവ്വാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. ഡൽഹിയിലേക്ക് സർവീസ് നടത്താനിരുന്ന എയർ ഇന്ത്യയുടെ എ.ഐ. 816 വിമാനം ടേക്ക് ഓഫിന് തയ്യാറെടുക്കുന്നതിനിടെ, അതേ റൺവേയിൽ ലാൻഡ് ചെയ്ത എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ഇപ്പോഴും തുടരുകയാണെന്ന് എയർ ട്രാഫിക് കൺട്രോൾ (എ.ടി.സി.) കണ്ടെത്തി. ഉടൻ തന്നെ എയർ ഇന്ത്യ പൈലറ്റിന് ടേക്ക് ഓഫ് നിർത്താൻ നിർദേശം നൽകുകയും വലിയ അപകടം ഒഴിവാകുകയും ചെയ്തു.
എ.ടി.സിയുടെ നിർദേശപ്രകാരം ടേക്ക് ഓഫ് റദ്ദാക്കി വിമാനം ബേയിലേക്ക് തിരിച്ചെത്തിയതായി എയർ ഇന്ത്യ വാർത്താക്കുറിപ്പിലൂടെ സ്ഥിരീകരിച്ചു. സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയ ശേഷമേ വിമാനം വീണ്ടും സർവീസിന് അനുവദിക്കൂ എന്നും എയർലൈൻ അറിയിച്ചു.
സംഭവത്തെ തുടർന്ന് യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ എയർ ഇന്ത്യ ഖേദം രേഖപ്പെടുത്തി. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് പരമപ്രധാനമെന്നും കമ്പനി വ്യക്തമാക്കി.
സംഭവത്തിൽ ആർക്കും പരിക്കേറ്റതായോ രണ്ട് വിമാനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായോ റിപ്പോർട്ടുകളില്ല. ഒരേ റൺവേയിൽ ഒരേസമയം രണ്ട് വിമാനങ്ങൾ എത്താൻ ഇടയായ സാഹചര്യം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.


