വടകര: കടുത്ത വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ച കടത്തനാട് ലേബർ സൊസൈറ്റി സാമ്പത്തിക തട്ടിപ്പ് കേസിലെ മുഖ്യസൂത്രധാരൻ അറസ്റ്റിൽ. സൊസൈറ്റിയുടെ മുൻ ഡയറക്ടറും കേസിലെ ഒന്നാം പ്രതിയുമായ റെനീഷിനെ കോട്ടയം പാലായിൽ നിന്നാണ് ജില്ലാ ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്.
പ്രതിക്കായി ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. റെനീഷിനെ കണ്ടെത്തുന്നതിനായി അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചിരുന്നെങ്കിലും ഇയാൾ കേരളത്തിൽ തന്നെ ഒളിവിൽ കഴിയുകയായിരുന്നുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
സഹകരണ സംഘം ഓഡിറ്റ് ജോയിന്റ് ഡയറക്ടർ നടത്തിയ വിശദമായ പരിശോധനയിലാണ് കടത്തനാട് ലേബർ സൊസൈറ്റിയിൽ 2.16 കോടി രൂപയുടെ ക്രമക്കേട് നടന്നതായി കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ സഹകരണ വകുപ്പ് 2025 ഡിസംബർ 8ന് വടകര പൊലീസിൽ പരാതി നൽകിയതോടെയാണ് തട്ടിപ്പ് കേസ് പുറത്തുവന്നത്. തുടർന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
കേസിൽ സൊസൈറ്റിയുടെ മുൻ പ്രസിഡന്റും ഡിസിസി സെക്രട്ടറിയുമായ സുധീർ കുമാറിനെ ക്രൈംബ്രാഞ്ച് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സൊസൈറ്റി സെക്രട്ടറി പ്രീനയാണ് കേസിലെ രണ്ടാം പ്രതി.
അതിനിടെ, സൊസൈറ്റിയിലെ നിക്ഷേപകനായ ഇബ്രാഹിം ഹാജി സുധീർ കുമാറിന്റെ വീടിന് മുന്നിലെത്തി തീകൊളുത്തി മരിച്ച സംഭവം കേസിനെ കൂടുതൽ വിവാദത്തിലാക്കിയിരുന്നു. റെനീഷിന്റെ അറസ്റ്റോടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കൂടുതൽ നിർണായക വിവരങ്ങൾ പുറത്തുവരുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.




