ഒരു മഹാദുരന്തത്തിന്റെ മുറിവ് മണ്ണിൽ നിന്നും മനസിൽ നിന്നും ഉണങ്ങുന്നതിന് മുമ്പേ തന്നെ വയനാടിനെ തേടിയെത്തിയിരിക്കുകയാണ് മറ്റൊരു ദുരന്തം കൂടി. എന്നാൽ ചൂരൽമലയിൽ നിന്ന് വ്യത്യസ്തമായി മേപ്പാടിയിലേത് കുറച്ചുകൂടി നമ്മൾ വരുത്തിവെച്ചതാണെന്നതാണ് ദുരന്തത്തെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുന്നത്. സിസ്റ്റം കൃത്യമായി പ്രവർത്തിച്ചിരുന്നെങ്കിൽ ഇന്ന് നമുക്കിത് പറയേണ്ടി വരില്ലായിരുന്നു. എല്ലാ മുന്നറിയിപ്പുകളേയും അവഗണിച്ചാണ് തുരങ്കപ്പാതയുടെ നിർമ്മാണം ഈ പെരുമഴയിലും നടന്നിരുന്നതെന്ന് വ്യക്തം.
തുരങ്കപ്പാത നിർമാണത്തിന്റെ നിർവഹണ ഏജൻസിക്കു നൽകിയ അപകട മുന്നറിയിപ്പ് അവഗണിക്കപ്പെട്ടതിന്റെ തെളിവുകളാണ് ഇപ്പോൾ പുറത്താകുന്നത്. കൂട്ടിയിട്ട മണ്ണ് മാറ്റണമെന്നും മഴയത്ത് അപകടമുണ്ടാകുമെന്നും 13 ദിവസം മുന്നേ പൊതുമരാമത്ത് വകുപ്പ് കൊങ്കൺ റെയിൽവേ കോർപറേഷന് മുന്നറിയിപ്പു നൽകിയിരുന്നു. പൊതുമരാമത്ത് വകുപ്പിന്റെ മിനിറ്റ്സിൽ ഇക്കാര്യമുണ്ട്.
ദുരന്തത്തിൽ ഇരട്ട അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കിയിട്ടുണ്ട്. അപകടമുണ്ടായ കാര്യവും നിർമാണത്തിന് കേന്ദ്രസർക്കാർ നൽകിയ നിർദേശങ്ങൾ പാലിച്ചിട്ടുണ്ടോ എന്നുമാണ് അന്വേഷിക്കുന്നത്. രണ്ട് തരത്തിലുള്ള അന്വേഷണം നടത്തുമെന്നുമെല്ലാം മുഖ്യമന്ത്രി വാക്ക് തരുന്നുണ്ടെന്ന് പറയുമ്പോഴും ദുരന്തം ഉണ്ടായി സർവ്വനാശം വന്നതിന് ശേഷം അന്വേഷണം പ്രഖ്യാപിക്കുന്ന സ്ഥിരം ശീലം മാറ്റാൻ നമ്മളിനിയും തയ്യാറാകുന്നില്ല എന്നൊരു അർത്ഥം കൂടിയുണ്ട്. കാരണം, ഈ ദുരന്തവും നമുക്ക് ഒഴിവാക്കാവുന്നത് മാത്രമായിരുന്നു എന്നതാണ് യാഥാർത്ഥ്യം.
പൊതുമരാമത്ത് വകുപ്പ് സ്പെഷൽ സെക്രട്ടറി അദീല അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള സംഘം ജൂൺ 25നാണ് സ്ഥലം സന്ദർശിച്ചത്. വകുപ്പ് അഡിഷനൽ സെക്രട്ടറി, ചീഫ് എൻജിനീയർ, കൊങ്കൺ റെയിൽവേ ഡപ്യൂട്ടി ചീഫ് എൻജിനീയർ, വയനാട് എഡിഎം എന്നിവരും സംഘത്തിലുണ്ടായിരുന്നു. അപകടമൊഴിവാക്കാൻ 15 നിർദേശങ്ങളായിരുന്നു അന്ന് നൽകിയത്.
സോയിൽ പൈപ്പിങ്, സ്ലോപ് സ്റ്റെബിലിറ്റി എന്നിവയിലൂടെ അപകടം ഉണ്ടാകാൻ സാധ്യത ഉണ്ടെന്നും ഇതു തടയാൻ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണം എന്നുമായിരുന്നു പ്രധാന നിർദേശം. വല്ലപ്പോഴും മാത്രം മഴ പെയുന്നൊരു ഇടമല്ല മേപ്പാടിയെന്നത്. മഴയുണ്ടാകുമെന്നും, അത് എപ്പോൾ വേണമെങ്കിലും കൊലയാളിയാകാമെന്നും ഒരു തവണ പ്രകൃതി നമുക്ക് കാണിച്ചുതന്നിട്ടുള്ളതുമാണ്. എന്നിട്ടും എല്ലാ മുന്നറിയിപ്പുകളും അവഗണിക്കപ്പെട്ടു.
ശക്തമായ മഴയുണ്ടാകാൻ സാധ്യതയുള്ള സ്ഥലമാണെന്നും എല്ലാ ദിവസവും മഴയുടെ അളവ് നിരീക്ഷിക്കുകയും 250 മില്ലിമീറ്ററിൽ കൂടുതൽ മഴ പെയ്താൽ പ്രവൃത്തി നിർത്തിവയ്ക്കണമെന്നും നിർദേശമുണ്ടായിരുന്നു. അപകടമുണ്ടായതിനു മുൻപുള്ള 24 മണിക്കൂറിൽ പ്രദേശത്ത് പെയ്തത് 264 മില്ലിമീറ്റർ മഴയാണ്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാൽ കുടുംബങ്ങളെ മാറ്റിതാമസിപ്പിക്കാൻ ജില്ലാ ഭരണകൂടത്തോട് നിർദേശിച്ചിരുന്നു. പ്രദേശത്ത് ഓട്ടമാറ്റിക് വെതർ സ്റ്റേഷൻ സ്ഥാപിക്കണമെന്നും ഈ വിവരങ്ങൾ കൃത്യമായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറണമെന്നും കൊങ്കൺ റെയിൽവേയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, നിർദേശങ്ങളിലൊന്നുപോലും ഇതുവരെ നടപ്പായില്ല. പദ്ധതിയുടെ നടത്തിപ്പ് കൊങ്കൺ റെയിൽവേക്കാണെന്ന് മന്ത്രിയടക്കം ആവർത്തിക്കുമ്പോഴും പദ്ധതി പൂർണമായും പൊതുമരാമത്ത് വകുപ്പ് കോഴിക്കോട് ഡിവിഷന്റെ മേൽനോട്ടത്തിലാണെന്നും പുരോഗതി വിലയിരുത്താൻ കൽപറ്റ റോഡ്സ് സബ് ഡിവിഷനെ ചുമതലപ്പെടുത്തുന്നുവെന്നും മിനിറ്റ്സിൽ സൂചിപ്പിച്ചിട്ടുണ്ട്.
പിഡബ്ല്യുഡി സംഘത്തിന്റെ നിർദേശങ്ങളിൽ ഏറ്റവും പ്രധാനം നിർമാണ സ്ഥലത്ത് കൂട്ടിയിട്ട മണ്ണ് നീക്കണമെന്നതായിരുന്നു. സ്ഥല പരിമിതിയുണ്ടെന്നായിരുന്നു കൊങ്കൺ റെയിൽവേ കോർപറേഷന്റെ വാദം. സ്ഥലം കണ്ടെത്തി നൽകാൻ ജില്ലാ ഭരണകൂടത്തോട് നിർദേശിക്കുകയും ചെയ്തു. ഇതിന്റെ വാടക കമ്പനി നൽകുമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ, ഇതും നടപ്പായില്ല. മണ്ണു മാറ്റുന്നതിനു മുന്നേ മഴയുണ്ടായാൽ മണ്ണൊലിച്ചു പുഴയിൽ താൽക്കാലിക തടയണകൾ രൂപപ്പെടാതെ നോക്കണമെന്നും വയനാട്ടിലെ മണ്ണിന്റെ ഘടനയെക്കുറിച്ച് അറിവുള്ള വ്യക്തികളുടെ സഹായം തേടാനും തീരുമാനിച്ചതാണ്, പക്ഷേ അപ്പോഴേക്കും എല്ലാം വളരെയേറെ വൈകി. കൂട്ടിയിട്ട മണ്ണ് മഴവെള്ളത്തിൽ നനയാതെ ടാർപോളിൻ ഷീറ്റ് ഉപയോഗിച്ച് മൂടിയിട്ടുണ്ടെന്നാണ് കമ്പനി അറിയിച്ചത്. മണ്ണ് കൂട്ടിയിട്ടിരുന്ന സ്ഥലത്തെ അടിത്തട്ടിന് ഭാരം താങ്ങാനുള്ള കരുത്തുണ്ടോയെന്നു പരിശോധിക്കാനും പദ്ധതി നടത്തിപ്പിനായി പ്രദേശത്തെ ജനങ്ങൾക്ക് ബോധവൽക്കരണം നടത്തണമെന്നും നിർദേശിച്ചാണ് സംഘം മടങ്ങിയത്. ഒന്നും നടന്നില്ല, ഫലമോ, വീണ്ടുമൊരു ദുരന്തം കൂടി.
എന്തായാലും പതിവ് പോലെ വകുപ്പുകളും ഭരണ-പ്രതിപക്ഷങ്ങളും കാരറെടുത്തവരും പരസ്പരം കുറ്റപ്പെടുത്തലുകൾ തുടങ്ങിയിട്ടുണ്ട്. മണ്ണിടിച്ചിലിന് കാരണം വനംവകുപ്പിന്റെ ഭൂമിയിൽ നിന്നുണ്ടായ മണ്ണിടിച്ചിലാണെന്നും, പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലത്ത് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ നേരത്തെ തന്നെ ഒരുക്കിയിരുന്നുവെന്നും വേറെയൊന്നും തങ്ങൾക്ക് ചെയ്യാനില്ലെന്നുമാണ് കരാർ കമ്പനി അധികൃതർ പറയുന്നത്. മണ്ണ് കൂട്ടിയിട്ടതാണ് ദുരന്തവ്യാപ്തി കൂട്ടിയതെന്ന ആരോപണവും കമ്പനി നിഷേധിക്കുന്നു. ദിലീപ് ബില്‍ഡ്കോണ്‍ എന്ന കമ്പനിയാണ് നിർമ്മാണം നടത്തുന്നത്.
യുഡിഎഫ് സർക്കാരിനെ കുറ്റപ്പെടുത്തുകയാണ് പ്രതിപക്ഷം. എല്‍ഡിഎഫ് സര്‍ക്കാര്‍ കൃത്യമായ നിരീക്ഷണവും അവലോകനവും നടത്തിയാണ് പദ്ധതി മുന്നോട്ടു കൊണ്ടുപോയതെന്നും എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ യാതൊരു മേല്‍നോട്ടവും നടത്തിയിട്ടില്ലെന്നുമാണ് മുന്‍ എംഎല്‍എ ലിന്റോ ജോസഫ് ആരോപിക്കുന്നത്.
പരസ്പരം കുറ്റപ്പെടുത്തലുകൾ ഒരു വഴിക്ക് നടക്കട്ടെ, ജനങ്ങൾക്ക് ആവശ്യം കൃത്യമായ രീതിയിൽ പ്രവർത്തിക്കുന്ന ഒരു സിസ്റ്റം ആണ്. മഴ ഇനിയും ശക്തമായാൽ ഇവിടെ ഇനിയും മണ്ണിടിയാം. ഇവിടെ മാത്രമല്ല, കേരളത്തിന്റെ മലയോര മേഖല മുഴുവൻ ഇത്തരത്തിൽ എപ്പോൾ വേണമെങ്കിലും ഒരു ദുരന്തം കൺമുന്നിൽ കാണും എന്ന ഭയത്തിൽ തന്നെയാണ്. സർക്കാരുകൾ മാറി മാറി വരുന്നു എന്നത് സിസ്റ്റത്തിലെ വീഴ്ച്ചകൾക്കുള്ള ഒരു ന്യായീകരണമല്ല. ഒരു സർക്കാരിന്റെ തുടർച്ച തന്നെയാണ് അടുത്ത സർക്കാർ, എങ്കിലേ സിസ്റ്റം കൃത്യമായി മുന്നോട്ട് പോകൂ എന്ന് അധികാരികൾ ഇനിയെങ്കിലും തിരിച്ചറിഞ്ഞാൽ കൊള്ളാം.











