കണ്ണൂർ: തലശ്ശേരി വ്യാപാരി വ്യവസായി വെൽഫെയർ സഹകരണ സംഘം നിക്ഷേപ തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. ഇതുവരെ ലഭിച്ച മൂന്ന് പരാതികളിൽ മാത്രം ഒരു കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നതായി പൊലീസ് അറിയിച്ചു.
മുഴുപ്പിലങ്ങാട് സ്വദേശി അനുകൂലിൽ നിന്ന് 37.95 ലക്ഷം രൂപയും, തിരുവങ്ങാട് മഞ്ഞോടി സ്വദേശി കെ.സി. ജലജയിൽ നിന്ന് 55.70 ലക്ഷം രൂപയും, മുഴുപ്പിലങ്ങാട് സ്വദേശി ജഷീനയിൽ നിന്ന് 17 ലക്ഷം രൂപയും തട്ടിയെടുത്തെന്നാണ് പരാതി. ഈ പരാതികളിലാണ് തലശ്ശേരി പൊലീസ് മൂന്ന് പ്രത്യേക കേസുകൾ രജിസ്റ്റർ ചെയ്തത്. സഹകരണ സംഘം സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയായും ഭരണസമിതിയെ രണ്ടാം പ്രതിയായും ഉൾപ്പെടുത്തിയാണ് കേസ്.
നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതിനെ തുടർന്ന് നിക്ഷേപകർ ഓഫീസിലെത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തറിയുന്നത്. തുടർന്ന് ഭരണസമിതിയെ സമീപിച്ചപ്പോഴാണ് സെക്രട്ടറി സ്വന്തം നിലയിൽ ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിക്കുകയും തട്ടിപ്പ് നടത്തുകയും ചെയ്തതായി വ്യക്തമായത്.
സംഭവത്തിൽ കൂടുതൽ പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ പരാതികൾ ലഭിക്കാനുള്ള സാധ്യതയുണ്ടെന്നും പൊലീസ് അറിയിച്ചു.


