കോഴിക്കോട്: കനത്ത മഴയും റെഡ് അലർട്ടും തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ ഖനനവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങൾക്കും ജില്ലാ ഭരണകൂടം താൽക്കാലിക വിലക്കേർപ്പെടുത്തി. ക്വാറികളുടെ പ്രവർത്തനം, മണ്ണെടുക്കൽ, ഖനനം, കിണർ നിർമാണം, മണലെടുപ്പ് എന്നിവയാണ് നിരോധിച്ചത്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് തുടർച്ചയായി നാല് ദിവസം ഗ്രീൻ അലർട്ട് പ്രഖ്യാപിക്കുന്നതുവരെയാണ് വിലക്ക്.
ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടിയാണ് ഉത്തരവിറക്കിയത്. ദുരന്തനിവാരണ നിയമം 2005-ലെ സെക്ഷൻ 26, 30 എന്നിവയുടെ അടിസ്ഥാനത്തിലാണ് നടപടി.
ജില്ലയിലെ വെള്ളച്ചാട്ടങ്ങൾ, നദീതീരങ്ങൾ, ബീച്ചുകൾ ഉൾപ്പെടെയുള്ള എല്ലാ ജലാശയങ്ങളിലേക്കും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പൊതുജനങ്ങളുടെ പ്രവേശനം നിരോധിച്ചു. ശക്തമായ മഴയെ തുടർന്ന് ജലനിരപ്പ് ഉയരാനും അപകടസാധ്യത വർധിക്കാനുമുള്ള സാധ്യത കണക്കിലെടുത്താണ് നടപടി.
ഉരുൾപൊട്ടൽ ഭീഷണിയുള്ള മലയോര പ്രദേശങ്ങളിലേക്കും ചുരം മേഖലകളിലേക്കും രാത്രി 7 മുതൽ രാവിലെ 7 വരെ അടിയന്തര ആവശ്യങ്ങളല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും ജില്ലാ കളക്ടർ നിർദേശിച്ചു. പൊതുജനങ്ങൾ ജാഗ്രത പാലിച്ച് അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.


