തിരുവനന്തപുരം: വർക്കലയിൽ 19കാരിയായ നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തി. റാത്തിക്കൽ നാസിയ മൻസിലിൽ നൗഷാദ്–സഹീറ ദമ്പതികളുടെ മകളായ നാസിയ ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് സംഭവം.
വീട്ടിലെ കിടപ്പുമുറിയിൽ ആത്മഹത്യാശ്രമം നടത്തിയ നിലയിൽ കണ്ടെത്തിയ നാസിയയെ ആദ്യം വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് നില ഗുരുതരമായതിനെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്ന് പുലർച്ചെയോടെ മരണം സ്ഥിരീകരിച്ചു.
രണ്ടുമാസം മുമ്പാണ് നാസിയയുടെ വിവാഹം നടന്നത്. പരവൂർ തെക്കുംഭാഗം സ്വദേശിയായ അൻസറാണ് ഭർത്താവ്. വിവാഹം കഴിഞ്ഞ് 13 ദിവസത്തിനുശേഷം ജോലി ആവശ്യാർത്ഥം അൻസർ കുവൈത്തിലേക്ക് പോയിരുന്നു.
ഭർത്താവിൽ നിന്ന് അകന്നുനിൽക്കേണ്ടി വന്നതിനെ തുടർന്ന് നാസിയയ്ക്ക് മാനസിക വിഷമമുണ്ടായിരുന്നുവെന്നാണ് വീട്ടുകാർ അറിയിച്ചത്.
വിവാഹം കഴിഞ്ഞ് രണ്ടുമാസം മാത്രമായതിനാൽ നിയമനടപടികളുടെ ഭാഗമായി ആർഡിഒയുടെ സാന്നിധ്യത്തിലായിരിക്കും ഇൻക്വസ്റ്റ് നടപടികൾ നടക്കുക. തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.
സംഭവത്തിൽ വർക്കല പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)












