കുവൈത്ത് സിറ്റി: രാജ്യത്തെ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വിവിധ കെട്ടിടങ്ങളിലും സ്ഥാപനങ്ങളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നത് നിർബന്ധമാക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം പുതിയ നിയമം പുറത്തിറക്കി.
ഹോട്ടലുകൾ, ഹോട്ടൽ അപ്പാർട്ട്മെന്റുകൾ, ഷോപ്പിംഗ് മാളുകൾ, വാണിജ്യ സമുച്ചയങ്ങൾ, സഹകരണ സംഘങ്ങൾ, റെസിഡൻഷ്യൽ കോംപ്ലക്സുകൾ, ബാങ്കുകൾ, യുവജന കേന്ദ്രങ്ങൾ, കായിക-സാംസ്കാരിക ക്ലബ്ബുകൾ, പെട്രോൾ പമ്പുകൾ, പള്ളികളും മറ്റ് ആരാധനാലയങ്ങളും ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കാണ് പുതിയ നിർദേശം ബാധകം.
വ്യാവസായിക മേഖലകൾ, ഡോക്കിംഗ് ഏരിയകൾ, ഷൂട്ടിംഗ് റേഞ്ചുകൾ, ഗോഡൗണുകൾ, വിലപിടിപ്പുള്ളതോ അപകടസാധ്യതയുള്ളതോ ആയ വസ്തുക്കൾ സൂക്ഷിക്കുന്ന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കണം.
ക്യാമറകളിലെ ദൃശ്യങ്ങൾ എഡിറ്റ് ചെയ്യാതെ കുറഞ്ഞത് 120 ദിവസത്തേക്ക് സുരക്ഷിതമായി സൂക്ഷിക്കണമെന്നും ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു. ക്യാമറകളുടെ കൃത്യമായ അറ്റകുറ്റപ്പണികളും സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളും ഉറപ്പാക്കണമെന്നും നിർദേശമുണ്ട്.
പുതിയ നിയമവുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ 25580888 എന്ന വാട്‌സ്ആപ്പ് നമ്പറിൽ ബന്ധപ്പെടാമെന്നും അധികൃതർ അറിയിച്ചു.












