കൊച്ചി: കള്ള് ഷാപ്പുകൾക്ക് ലൈസൻസ് അനുവദിക്കുന്നതിൽ വ്യാപക ക്രമക്കേടുകൾ നടന്നതായി ആരോപണം. മരിച്ചവരുടെ പേരിൽ വ്യാജ സമ്മതപത്രങ്ങൾ തയ്യാറാക്കി ലൈസൻസിന് ഉപയോഗിച്ചതായും, മൂവാറ്റുപുഴ റേഞ്ചിൽ ഒരേ കൈയക്ഷരത്തിൽ 14 സമ്മതപത്രങ്ങൾ സമർപ്പിച്ചതായും പുറത്തുവന്ന രേഖകൾ സൂചിപ്പിക്കുന്നു.
റിപ്പോർട്ടറിന് ലഭിച്ച രേഖകൾ പ്രകാരം, 2017-ൽ മരിച്ച ഒരാളുടെ പേരിൽ ഇക്കഴിഞ്ഞ മാർച്ച് 20-ന് സമ്മതപത്രത്തിൽ ഒപ്പിട്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. 2020-ലും 2025-ലും മരിച്ചവരുടെ പേരിലും സ്വന്തം തോട്ടങ്ങളിൽ നിന്ന് കള്ള് ചെത്താൻ അനുമതി നൽകിയതായി രേഖകളിലുണ്ട്. മാർച്ച് 10-ന് മരിച്ച ഒരാളുടെ പേരിൽ പത്ത് ദിവസം കഴിഞ്ഞ് സമ്മതപത്രത്തിൽ ഒപ്പിട്ടതായി രേഖപ്പെടുത്തിയിരിക്കുന്നതും ഗുരുതര ക്രമക്കേടിന്റെ സൂചനയായാണ് വിലയിരുത്തുന്നത്. ഈ രേഖകളെക്കുറിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്കും അറിവില്ലെന്നാണ് വിവരം.
മൂവാറ്റുപുഴ റേഞ്ചിലെ ഒൻപതാം ഗ്രൂപ്പ് കള്ള് ഷാപ്പുകളുടെ ലൈസൻസിനായി സമർപ്പിച്ച 14 സമ്മതപത്രങ്ങളും ഒരേ കൈയക്ഷരത്തിലാണെന്നും കണ്ടെത്തിയിട്ടുണ്ട്. സമ്മതപത്രത്തിൽ 10 പനകളുണ്ടെന്ന് രേഖപ്പെടുത്തിയ തോട്ടത്തിൽ ഒരു പനപോലുമില്ലെന്നതും പരിശോധനയിൽ വ്യക്തമായതായി റിപ്പോർട്ടിൽ പറയുന്നു.
ചെത്തുന്ന തെങ്ങുകൾക്കും പനകൾക്കും എക്സൈസ് ഉദ്യോഗസ്ഥർ നേരിട്ട് പരിശോധന നടത്തി നമ്പർ നൽകണമെന്നാണ് ചട്ടം. എന്നാൽ രേഖകളിൽ പരാമർശിക്കുന്ന തോട്ടങ്ങളിൽ കള്ള് ചെത്തൽ നടക്കുന്നില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. അങ്ങനെയെങ്കിൽ ഷാപ്പുകളിലെ കള്ള് എവിടെ നിന്നാണ് എത്തുന്നതെന്ന് അന്വേഷിക്കണമെന്നും ബന്ധപ്പെട്ട ഷാപ്പുടമകളും എക്സൈസ് ഉദ്യോഗസ്ഥരും ഇതിന് മറുപടി പറയണമെന്നും ആവശ്യം ശക്തമാകുകയാണ്.











