കൊച്ചി: വ്യാജരേഖകൾ ഉപയോഗിച്ച് നടത്തിയെന്ന് ആരോപിക്കുന്ന അവയവ കച്ചവട കേസിൽ ലേക്‌ഷോർ ആശുപത്രിയിലെ ഡോക്ടർമാരിലേക്കും ഇഡി അന്വേഷണം വ്യാപിപ്പിച്ചു. ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റ് ഡോ. മുഹമ്മദ് ഇഖ്ബാലിനെ ഇഡി ചോദ്യം ചെയ്തു.
നിയമവിരുദ്ധമായി നടത്തിയ ശസ്ത്രക്രിയകളിൽ ഡോക്ടർമാർക്ക് കമ്മീഷൻ ലഭിച്ചിട്ടുണ്ടോ എന്നതാണ് അന്വേഷണത്തിന്റെ പ്രധാന വിഷയം. ഇതിന്റെ ഭാഗമായി ഡോക്ടർമാരുടെ ബാങ്ക് അക്കൗണ്ടുകളും സ്വത്ത് വിവരങ്ങളും ഇഡി പരിശോധിച്ചുവരികയാണ്. കഴിഞ്ഞ അഞ്ച് വർഷത്തെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും സ്വത്ത് വിവരങ്ങളും ഡോ. മുഹമ്മദ് ഇഖ്ബാലിനോട് ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യാനും സാധ്യതയുണ്ട്.
ലേക്‌ഷോർ ആശുപത്രിയുടെ മാനേജിങ് ഡയറക്ടർ എസ്. കെ. അബ്ദുല്ലയെയും കഴിഞ്ഞ ദിവസം ഇഡി ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ മാസം ലേക്‌ഷോർ ആശുപത്രി ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. അവിടെ നിന്ന് ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം മുന്നോട്ട് പോകുന്നത്.
അവയവ കച്ചവട റാക്കറ്റിന്റെ മുഖ്യപ്രതി മുഹമ്മദ് നജീബിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് ചില സ്വകാര്യ ആശുപത്രികളുമായി ബന്ധമുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ധാതാക്കളെയും അവയവം സ്വീകരിക്കുന്നവരെയും ആശുപത്രിയിലെ പരിശോധനയ്ക്കായി എത്തിക്കുന്ന ഓരോ തവണയും റാക്കറ്റിന് കമ്മീഷൻ ലഭിച്ചിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
നിലവിൽ ലേക്‌ഷോർ ആശുപത്രിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇവിടെ നടക്കുന്ന ചോദ്യം ചെയ്യലും രേഖാപരിശോധനയും പൂർത്തിയായ ശേഷം മറ്റ് സ്വകാര്യ ആശുപത്രികളിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് ഇഡിയുടെ തീരുമാനം.



