ഹൈദരാബാദ്: തെലങ്കാനയില്‍ കൂട്ടക്കൊല നടത്തി പോക്സോ കേസിലെ പ്രതി. റായ്വാലഗുഡ സ്വദേശിയായ രാജ് കുമാര്‍(35) ആണ് കൂട്ടക്കൊല നടത്തിയത്. ഇയാളുടെ ഭാര്യയെയും മക്കളെയും ഇയാള്‍ക്കെതിരെ പരാതി നല്കിയ പെണ്‍കുട്ടിയെയും കുടുംബാംഗങ്ങളെയും അടക്കമാണ് കൊലപ്പെടുത്തിയത്.
സംഭവത്തിന് പിന്നാലെ കാറിൽ രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചു. പോക്സോ കേസിൽ 16 വയസ്സുകാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രാജ് കുമാറിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. കേസിൽ മുൻകൂർ ജാമ്യത്തിലായിരിക്കെയാണ് ഇയാൾ കൂട്ടക്കൊല നടത്തിയത്.
കൊലപാതകത്തിന് പിന്നാലെ രാജ് കുമാർ തന്നെയാണ് പിതാവിനെ വിളിച്ച് സംഭവത്തെക്കുറിച്ച് അറിയിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം. തുടർന്ന് ഇയാൾ ഒളിവിൽ പോയി.
രാജ് കുമാർ ആദ്യം ഭാര്യ പാർവതി സരിത (30)യെയും നാലും ഒന്നും വയസുള്ള രണ്ട് ആൺമക്കളെയും കൊലപ്പെടുത്തിയത്. തുടർന്ന് പരാതിക്കാരിയായ പെൺകുട്ടിയുടെ വീട്ടിലെത്തിയ ഇയാൾ കുട്ടിയുടെ അമ്മയെയും മുത്തശ്ശിയെയും കൊലപ്പെടുത്തി.
ശേഷം പെൺകുട്ടിയെ കാറിൽ കയറ്റി വിജനമായ സ്ഥലത്തെത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. പ്രതിയെ കണ്ടെത്തുന്നതിനായി പ്രത്യേക സംഘങ്ങൾ തിരച്ചിൽ നടത്തിവരികയാണ്.











