ന്യൂഡൽഹി: ദേശീയഗീതമായ ‘വന്ദേമാതരം’ ആലാപനത്തിന് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ദേശീയ പ്രതീകങ്ങളുടെ ആധികാരികത നിലനിർത്തുന്നതിനും രാജ്യവ്യാപകമായി ഏകീകൃത രീതിയിലുള്ള ആലാപനം ഉറപ്പാക്കുന്നതിനുമാണ് പുതിയ നിർദേശങ്ങളെന്ന് മന്ത്രാലയം അറിയിച്ചു.
ബങ്കിം ചന്ദ്ര ചാറ്റർജിയുടെ യഥാർത്ഥ കവിതയിലെ ആറ് ചരണങ്ങളും ഉൾപ്പെടുത്തിയ പൂർണരൂപത്തിലുള്ള ‘വന്ദേമാതരം’ ആലപിക്കണമെന്നാണ് പുതിയ നിർദേശം. ഇതോടെ ഇതുവരെ പൊതുചടങ്ങുകളിൽ സാധാരണയായി ആലപിച്ചിരുന്ന ആദ്യ രണ്ട് ചരണങ്ങൾ മാത്രം ഉൾപ്പെടുത്തിയ രീതിക്ക് മാറ്റമുണ്ടാകും.
ദേശീയഗീതവും ദേശീയഗാനവും ഒരുമിച്ച് ആലപിക്കുന്ന ചടങ്ങുകളിൽ ആദ്യം ‘വന്ദേമാതരം’ ആലപിക്കണമെന്നും അതിന് പിന്നാലെ ദേശീയഗാനം ആലപിക്കണമെന്നും ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു. പൂർണരൂപത്തിലുള്ള ദേശീയഗീതത്തിന്റെ ഔദ്യോഗിക ആലാപന സമയം 3 മിനിറ്റ് 10 സെക്കൻഡായി നിശ്ചയിച്ചിട്ടുണ്ട്.
മിലിട്ടറി, പൊലീസ് ബാൻഡുകൾ ‘വന്ദേമാതരം’ അവതരിപ്പിക്കുമ്പോൾ സദസ്സിനെ സജ്ജമാക്കുന്നതിനായി ഏഴ് തവണ ഡ്രം റോൾ അടിച്ചതിന് ശേഷമേ ഗാനം ആരംഭിക്കാവൂ എന്നും നിർദേശമുണ്ട്.
സ്കൂളുകളിലും സർവകലാശാലകളിലും ദൈനംദിന പ്രാർത്ഥനകളുടെയും ഔദ്യോഗിക ചടങ്ങുകളുടെയും ഭാഗമായി ‘വന്ദേമാതരം’ കൂട്ടായി ആലപിക്കണമെന്ന് യു.ജി.സിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.
ഗാനം ആലപിക്കുമ്പോൾ ശരിയായ ഉച്ചാരണവും ഔദ്യോഗിക വരികളും മാത്രം ഉപയോഗിക്കണമെന്നും കേന്ദ്രം നിർദേശിച്ചു. ദേശീയഗീതത്തിന്റെ അവതരണത്തിൽ ഏകീകൃത രീതി ഉറപ്പാക്കുകയാണ് പുതിയ മാർഗനിർദേശങ്ങളുടെ ലക്ഷ്യമെന്നും മന്ത്രാലയം വ്യക്തമാക്കി.


