പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതി വീണ്ടും ചർച്ചയാകുന്നതിനിടെ പ്രതികരണവുമായി ആറന്മുള എംഎൽഎ അബിൻ വർക്കി. വിമാനത്താവള പദ്ധതിക്ക് താൻ എതിരല്ലെങ്കിലും ശാസ്ത്രീയവും സമഗ്രവുമായ പഠനങ്ങൾക്ക് ശേഷമേ ഇത്തരമൊരു പദ്ധതിയുമായി മുന്നോട്ടുപോകാവൂവെന്ന് അദ്ദേഹം വ്യക്തമാക്കി. പരിസ്ഥിതിപ്രഭാവ പഠനം കൃത്യമായി നടത്തണമെന്നും വികസന പദ്ധതികൾക്ക് താൻ എതിരല്ലെന്നും എംഎൽഎ പ്രസ്താവനയിൽ പറഞ്ഞു.
ഭൂവുടമ എബ്രഹാം കലമണ്ണിലിന്റെ നിലവിലെ നീക്കങ്ങളുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും സർക്കാർ ഇതുവരെ ഔദ്യോഗികമായി പദ്ധതിയുമായി ബന്ധപ്പെട്ട നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും അബിൻ വർക്കി വ്യക്തമാക്കി.
അതേസമയം, വിഷയത്തിൽ സർക്കാർ തലത്തിൽ യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്ന് മന്ത്രി റോജി എം. ജോണും അറിയിച്ചു. വിമാനത്താവള പദ്ധതിയെക്കുറിച്ച് സർക്കാർ ചർച്ച നടത്തിയിട്ടില്ലെന്നും പദ്ധതി പ്രദേശത്ത് സ്വകാര്യ വ്യക്തി നടത്തിയ ഡ്രോൺ സർവേയുമായി സർക്കാരിന് ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതി പ്രദേശത്തെ ഭൂവുടമയായ എബ്രഹാം കലമണ്ണിൽ, നിലവിൽ 400 ഏക്കർ ഭൂമി കൈവശമുണ്ടെന്നും സർവേയ്ക്കായി സ്വകാര്യ കമ്പനി വീണ്ടും എത്തുമെന്നും പ്രതികരിച്ചു. ആയിരം ഏക്കർ കൂടി ലഭിച്ചാൽ പദ്ധതി യാഥാർഥ്യമാക്കാനാകുമെന്നും യുഡിഎഫ് സർക്കാർ പദ്ധതിയോട് അനുകൂല സമീപനമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ശക്തമായ ജനകീയ പ്രതിഷേധം നേരിട്ട പദ്ധതിയായിരുന്നു ആറന്മുള വിമാനത്താവളം. പുഞ്ചപ്പാടം നികത്തുന്നതിലൂടെ ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാകുമെന്നും ക്ഷേത്രവുമായി ബന്ധപ്പെട്ട ആശങ്കകളും അന്ന് ഉയർന്നിരുന്നു. തുടർന്ന് 2014-ൽ ദേശീയ ഹരിത ട്രൈബ്യൂണൽ പദ്ധതി റദ്ദാക്കുകയും പിന്നീട് സുപ്രീംകോടതി ആ തീരുമാനം ശരിവെക്കുകയും ചെയ്തിരുന്നു.
പുതിയ സർക്കാർ അധികാരത്തിലെത്തിയതോടെ പദ്ധതി വീണ്ടും ചർച്ചയാകുകയാണ്. കഴിഞ്ഞ മാസം പദ്ധതിയെക്കുറിച്ച് പ്രതികരിച്ച അബിൻ വർക്കി, ആർക്കും ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തിൽ പദ്ധതി നടപ്പാക്കാനാകുന്നുവെങ്കിൽ അത് സ്വാഗതാർഹമാണെന്ന നിലപാടും വ്യക്തമാക്കിയിരുന്നു.




