ന്യൂഡൽഹി: വിവിധ ചെക്ക് കേസുകളിലായി ബോളിവുഡ് നടൻ രാജ്പാൽ യാദവിന് ഡൽഹി ഹൈക്കോടതി മൂന്ന് മാസം തടവ് ശിക്ഷ വിധിച്ചു. ഏഴ് കേസുകളിലാണ് കോടതി ശിക്ഷ വിധിച്ചത്. വിചാരണക്കോടതിയുടെ വിധിക്കെതിരായ രാജ്പാൽ യാദവിന്റെ അപ്പീലുകൾ ഹൈക്കോടതി തള്ളി. കേസുകളിൽ പരാതിക്കാരന് നഷ്ടപരിഹാരമായി ഓരോ കേസിലും 1.05 കോടി രൂപ വീതം നൽകാനും കോടതി നിർദേശിച്ചു.
കേസുമായി ബന്ധപ്പെട്ട തുക നൽകാമെന്ന് പലതവണ ഉറപ്പ് നൽകിയിട്ടും അത് പാലിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു. രാജ്പാൽ യാദവിന്റെ സമീപനം സംശയകരമാണെന്നും കോടതി വ്യക്തമാക്കി. ഏഴ് കേസുകളിലും ശിക്ഷ വിധിച്ചെങ്കിലും എല്ലാ ശിക്ഷകളും ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന് കോടതി അറിയിച്ചു. വിചാരണക്കോടതി വിധിച്ച ആറുമാസത്തെ തടവ് ശിക്ഷ ഹൈക്കോടതി മൂന്ന് മാസമായി കുറച്ചു. എന്നാൽ നഷ്ടപരിഹാര തുക നൽകുന്നതിൽ വീഴ്ച വരുത്തിയാൽ ശിക്ഷ വീണ്ടും ആറുമാസമായി തുടരും.
2010ൽ രാജ്പാൽ യാദവ് സംവിധാനം ചെയ്ത ‘അതാ പതാ ലാപതാ’ എന്ന ചിത്രത്തിന്റെ നിർമാണത്തിനായി മുരളി പ്രൊജക്ട്സ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് അഞ്ച് കോടി രൂപ വായ്പ എടുത്തിരുന്നു. ചിത്രം സാമ്പത്തികമായി പരാജയപ്പെട്ടതോടെ വായ്പ തിരിച്ചടയ്ക്കാൻ സാധിച്ചില്ല. പലിശ ഉൾപ്പെടെ കുടിശ്ശിക ഏകദേശം ഒൻപത് കോടിയായി ഉയർന്നതോടെയാണ് കേസ് നിയമനടപടികളിലേക്ക് എത്തിയത്.




