കാസര്‍കോട്: കാസര്‍കോട് നെല്ലിക്കുന്ന് കടപ്പുറത്ത് തലവേര്‍പ്പെട്ട നിലയിൽ പുരുഷന്റെ മൃതദേഹം കരയ്ക്കടിഞ്ഞു. ഒരു മാസത്തിലേറെ പഴക്കമുള്ള മൃതദേഹമാണെന്നാണ് പ്രാഥമിക നിഗമനം. ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
മത്സ്യത്തൊഴിലാളികളാണ് ഇന്ന് രാവിലെ കടപ്പുറത്ത് മൃതദേഹം ആദ്യം കണ്ടത്. സമീപത്തെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹത്തിന് തലയില്ലെന്ന് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഇവർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
ബേക്കൽ കോസ്റ്റൽ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മൃതദേഹത്തിന്റെ കാലിലെ മാംസഭാഗങ്ങൾ വേർപെട്ട നിലയിലും അസ്ഥികൾ പുറത്തേക്ക് തള്ളിയ നിലയിലുമാണ് കണ്ടെത്തിയത്.
തലയില്ലാത്ത നിലയിലായതിനാൽ സാധാരണ മുങ്ങിമരണത്തിനുള്ള സാധ്യത കുറവാണെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. എവിടെയെങ്കിലും കുഴിച്ചിട്ട മൃതദേഹം തിരമാലകളിൽപ്പെട്ട് ഒഴുകിയെത്തിയതാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
മത്സ്യത്തൊഴിലാളികളുടെ മൊഴിപ്രകാരം മൃതദേഹത്തിന്റെ കഴുത്ത് മുതൽ താഴേക്ക് ശസ്ത്രക്രിയ നടത്തിയതുപോലുള്ള പാടുകൾ ഉണ്ടായിരുന്നതായും വലയിൽ കുടുങ്ങിയതിന്റെ അടയാളങ്ങൾ ഉണ്ടായിരുന്നതായും പറയുന്നു. കടലിൽ വീണതിന് പിന്നാലെ തല വേർപെട്ടതാണോ എന്ന സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്.
കാസർകോട് ജില്ലയിൽ നിന്ന് കാണാതായവരുടെ വിവരങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. കാസർകോട് കർണാടക അതിർത്തിയോട് ചേർന്ന പ്രദേശമായതിനാൽ അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള ആളാണോയെന്ന സാധ്യതയും പൊലീസ് പരിശോധിക്കുന്നു.
ദീർഘകാലം കടലിൽ കിടന്നാൽ ശരീരഭാഗങ്ങൾ വേർപെടാൻ സാധ്യതയുള്ളതിനാൽ കൂടുതൽ പരിശോധനകൾക്ക് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം ആരുടേതാണെന്ന് കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.











