ന്യൂഡൽഹി: ഡൽഹിയിൽ പുരോഗമിക്കുന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ വിട്ട് നിന്ന് മുതിർന്ന നേതാവ് ഇ.പി. ജയരാജൻ. ശാരീരിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി യോഗത്തിൽ പങ്കെടുക്കാനാകില്ലെന്ന് അദ്ദേഹം കേന്ദ്ര കമ്മിറ്റിയെ അറിയിച്ചതായാണ് വിവരം.
കേരളത്തിലെയും പശ്ചിമ ബംഗാളിലെയും തെരഞ്ഞെടുപ്പ് തോൽവി ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായാണ് ശനി, ഞായർ ദിവസങ്ങളിൽ കേന്ദ്ര കമ്മിറ്റി യോഗം ചേരുന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട റിപ്പോർട്ടും യോഗത്തിൽ പരിഗണിക്കും.
കേരളത്തിലെ തെരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട റിപ്പോർട്ട് നേരത്തെ സംസ്ഥാന സെക്രട്ടേറിയറ്റ് പോളിറ്റ് ബ്യൂറോ യോഗത്തിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ റിപ്പോർട്ട് പൂർണമായും അംഗീകരിക്കാൻ പി.ബി തയ്യാറായിരുന്നില്ല. ചില മാറ്റങ്ങൾ വരുത്തി പുതിയ റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന ഘടകത്തോട് ആവശ്യപ്പെട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ തെറ്റുതിരുത്തൽ നയത്തിന്റെ ഭാഗമായി കീഴ്ഘടകങ്ങളിൽ നിന്നുൾപ്പെടെ അഭിപ്രായങ്ങളും നിർദേശങ്ങളും സിപിഎം ശേഖരിച്ചിരുന്നു. ലഭിച്ച നിർദേശങ്ങൾ ക്രോഡീകരിച്ച് തയ്യാറാക്കിയ പുതുക്കിയ റിപ്പോർട്ടാണ് ഇന്ന് കേന്ദ്ര കമ്മിറ്റി യോഗത്തിൽ സമർപ്പിച്ചത്.
കേരളത്തിലെ തെരഞ്ഞെടുപ്പ് തോൽവി, സംഘടനാ ദൗർബല്യങ്ങൾ, തിരുത്തൽ നടപടികൾ തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ വിശദമായി ചർച്ച ചെയ്യുമെന്നാണ് വിവരം.




