കോഴിക്കോട്: ഗവൺമെന്റ് പ്ലീഡർ, സ്പെഷ്യൽ പ്ലീഡർ നിയമനങ്ങളിൽ സർക്കാർ സംഘപരിവാർ അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്ന ആരോപണവുമായി സിപിഎം നേതാവും എം.എൽ.എയുമായ പി.എ. മുഹമ്മദ് റിയാസ്. എ.ബി.വി.പി.യുടെ സജീവ പ്രവർത്തകനെ ഗവൺമെന്റ് പ്ലീഡർ പട്ടികയിൽ ഉൾപ്പെടുത്തിയെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
പുതിയ സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസിൽ സംഘപരിവാർ ബന്ധമുള്ളവരുടെ സ്വാധീനം വർധിച്ചുവെന്നും ഇക്കാര്യത്തിൽ കോൺഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു.
മുൻ മന്ത്രി പി. രാജീവും നിയമന നടപടികളെ വിമർശിച്ചു. ഗവൺമെന്റ് പ്ലീഡർമാരുടെ നിയമനത്തിൽ സർക്കാർ നിലവിലെ ചട്ടങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ചെലവ് ചുരുക്കൽ നയം പ്രഖ്യാപിക്കുന്ന സർക്കാർ പുതിയ തസ്തികകൾ സൃഷ്ടിച്ച് താൽപര്യമുള്ളവരെ നിയമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സംഘപരിവാർ ബന്ധമുള്ളവരുടെ നിയമനത്തിൽ വിമർശനവുമായി സമസ്തയും രംഗത്തെത്തി. വിഷയം യുഡിഎഫ് ഗൗരവമായി പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി സമദ് പൂക്കോട്ടൂർ പറഞ്ഞു.
വർഗീയതയ്ക്കെതിരെ ഉറച്ച നിലപാട് സ്വീകരിച്ച വ്യക്തിയാണ് മുഖ്യമന്ത്രിയെന്നും ആ നിലപാടിൽ മാറ്റമുണ്ടായോയെന്ന് യുഡിഎഫ് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിഷയം മുസ്ലിം ലീഗ് യുഡിഎഫിൽ ഉന്നയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സമദ് പൂക്കോട്ടൂർ കൂട്ടിച്ചേർത്തു.




