തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി കൂടിയായ പ്രൊഫ. രതീഷ് കാളിയാടന്റെ ലേഖനം ശ്രദ്ധേയമാകുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ ഒപ്പുവെച്ച സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന് കരാറിൽ നിന്ന് ഏകപക്ഷീയമായി പിന്മാറാൻ കഴിയില്ലെന്നാണ് ലേഖനത്തിലെ പ്രധാന നിരീക്ഷണം.
പി.എം. ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ ഒപ്പുവെച്ച ശേഷം അതിൽ നിന്ന് നിയമപരമായി പിന്മാറാനാകുമോയെന്നത് നിയമവിദഗ്ധർ വിശദമായി പരിശോധിച്ച് വ്യക്തത വരുത്തേണ്ട വിഷയമാണെന്ന് ലേഖനത്തിൽ പറയുന്നു. എന്നാൽ ധാരണാപത്രത്തിലെ വ്യവസ്ഥകൾ പ്രകാരം പൊതുതാൽപര്യം മുൻനിർത്തി 30 ദിവസത്തെ നോട്ടീസ് നൽകി കരാർ റദ്ദാക്കാനോ അവസാനിപ്പിക്കാനോ ഉള്ള അധികാരം കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സ്കൂൾ വിദ്യാഭ്യാസ, സാക്ഷരത വകുപ്പ് (Department of School Education and Literacy)ക്കാണ് നൽകിയിരിക്കുന്നതെന്നും സംസ്ഥാന സർക്കാരിന് ഏകപക്ഷീയമായി കരാറിൽ നിന്ന് പിന്മാറാനാകില്ലെന്നതാണ് പ്രാഥമിക വിലയിരുത്തലെന്നും രതീഷ് കാളിയാടൻ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, എൽ.ഡി.എഫ്. മന്ത്രിസഭയിൽ വിഷയം ചർച്ച ചെയ്യാതെയാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചതെന്നും ഇത് നടപടിക്രമപരമായ അപാകതയാണെന്നും ലേഖനത്തിൽ വിമർശിക്കുന്നു. പൊതുവിദ്യാഭ്യാസ രംഗത്തെ പരിഷ്കാര പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ട വ്യക്തി കൂടിയായ രതീഷ് കാളിയാടന്റെ ഈ നിലപാട് രാഷ്ട്രീയമായി ശ്രദ്ധ നേടുകയാണ്.













