പാലക്കാട്: പാലക്കാട് വടകരപ്പതി ആട്ടയാമ്പതി സ്വദേശിനി സരസാളിനെ കൊലപ്പെടുത്തി കവർച്ച നടത്തിയ കേസിൽ ഒരാൾ കൂടി പിടിയിലായി. റിമാൻഡിൽ കഴിയുന്ന 19-കാരനായ ഉദയകുമാറിന്റെ സുഹൃത്തായ 17-കാരനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ രണ്ട് ദിവസമായി ഇയാൾ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പാകെ ഹാജരാക്കിയ ശേഷമായിരിക്കും തുടർനടപടികൾ.
കവർച്ച ലക്ഷ്യമിട്ടെത്തിയ പ്രതികൾ വയോധികയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിന് തീയിട്ടതായും പിന്നീട് കത്തിക്കരിഞ്ഞ അവശിഷ്ടങ്ങൾ പുറത്തുകൊണ്ടുപോയി കുഴിച്ചുമൂടിയതായും അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഡിവൈ.എസ്.പി. അറിയിച്ചു. വയോധികയുടെ മൂക്കിലുണ്ടായിരുന്ന രണ്ട് മൂക്കുത്തികളാണ് പ്രതികളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികളെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ കത്തിക്കരിഞ്ഞ മൃതദേഹാവശിഷ്ടങ്ങളും കേസിൽ ഉപയോഗിച്ചതായി കരുതുന്ന ആയുധങ്ങളും പൊലീസ് കണ്ടെത്തി. ഫോറൻസിക് വിദഗ്ധരുടെ സാന്നിധ്യത്തിലായിരുന്നു തെളിവെടുപ്പ്.
സരസാളെ കാണാതായതായി ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി പ്രതിയെ സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോൾ ആദ്യം കുറ്റം നിഷേധിച്ചെങ്കിലും വിശദമായ ചോദ്യംചെയ്യലിൽ കൊലപാതകം സമ്മതിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. തുടർന്ന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.












