തിരുവനന്തപുരം: ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് താഴമൺ കുടുംബത്തെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി രംഗത്ത്. താഴമൺ കുടുംബം തന്ത്രി സ്ഥാനം ഒഴിയണമെന്നാണ് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ കെ.എസ്. രാധാകൃഷ്ണൻ ആവശ്യപ്പെട്ടത്.
ശബരിമല ക്ഷേത്രത്തിനും ഭക്തർക്കും ഏറെ അവമതിപ്പ് ഉണ്ടാക്കിയ കുടുംബമാണ് താഴമൺ കുടുംബമെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിൽ ആരോപിച്ചു. തന്ത്രി താഴമൺ കുടുംബത്തിനെതിരെ ഗുരുതര ആരോപണങ്ങളും അദ്ദേഹം ഉന്നയിച്ചു.
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്തതിനെതിരെ ബിജെപി നേരത്തെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി സംസ്ഥാന ഉപാധ്യക്ഷന്റെ പുതിയ പ്രതികരണം.
ചിങ്ങമാസം മുതൽ ശബരിമല തന്ത്രിയായി തന്റെ മകൻ ബ്രഹ്മദത്തനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ഠര് രാജീവർ ദേവസ്വം ബോർഡിന് കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കെ.എസ്. രാധാകൃഷ്ണന്റെ പ്രതികരണം. ക്രിമിനൽ കേസുകളിൽ നടപടികൾ നേരിടുന്നവർ നിർദേശിക്കുന്നവരെ കുടുംബ പാരമ്പര്യം മാത്രം പരിഗണിച്ച് തന്ത്രിസ്ഥാനത്ത് നിയമിക്കേണ്ട ബാധ്യത ദേവസ്വം ബോർഡിനില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമല തന്ത്രിസ്ഥാനം പാരമ്പര്യം മാത്രം അടിസ്ഥാനമാക്കി നൽകേണ്ടതല്ലെന്നും, സ്ഥാനത്തിന്റെ വിശുദ്ധിയും ക്ഷേത്രത്തിന്റെ പ്രതിച്ഛായയും പരിഗണിക്കണമെന്നും കെ.എസ്. രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.


