തിരുവനന്തപുരം: റിയാദിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച തിരുവനന്തപുരം സ്വദേശിയായ ബാബു നാരായണന്റെ (60) മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. കഴക്കൂട്ടം ശാന്തിഗിരി ആശ്രമത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്.
തിരുവനന്തപുരം മാധവപുരം മേലേത്തുവേദി വീട്ടിൽ ബാബു നാരായണൻ കഴിഞ്ഞ 35 വർഷമായി റിയാദിലെ റൗദയിൽ സ്വകാര്യ കമ്പനിയിൽ മെക്കാനിക്കായി ജോലി ചെയ്തുവരികയായിരുന്നു. പനി ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം താമസസ്ഥലത്തേക്ക് മടങ്ങിയെത്തിയെങ്കിലും രാത്രിയോടെ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
റിയാദിലെ നിയമനടപടികളും മറ്റ് ഔദ്യോഗിക നടപടിക്രമങ്ങളും പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി കേളി ജീവകാരുണ്യ വിഭാഗം സജീവമായി പ്രവർത്തിച്ചു. ആവശ്യമായ ഏകോപനവും സഹായവും നൽകിയതിനെ തുടർന്ന് മൃതദേഹം വേഗത്തിൽ തിരുവനന്തപുരത്തെ കുടുംബവീട്ടിലെത്തിക്കാൻ സാധിച്ചു.




