ന്യൂഡൽഹി: വിമാന ടിക്കറ്റ് നിരക്കിലെ അപ്രതീക്ഷിത വർധന നിയന്ത്രിക്കുന്നതിനായി രൂപീകരിച്ച ചട്ടങ്ങളുടെ പകർപ്പ് രണ്ടാഴ്ചയ്ക്കകം സമർപ്പിക്കാൻ കേന്ദ്ര സർക്കാരിനോട് നിർദേശിച്ച് സുപ്രീം കോടതി. ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങിയ ബെഞ്ചാണ് നിർദേശം നൽകിയത്.
വിമാന യാത്രാ നിരക്കുകളിലെ പ്രവചനാതീതമായ വർധന നിയന്ത്രിക്കാൻ മാർഗനിർദേശങ്ങൾ വേണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ ഇടപെടൽ. നിലവിൽ വിമാന നിരക്ക് നിയന്ത്രിക്കുന്നതിനായി ചട്ടങ്ങൾ തയ്യാറാക്കിയിട്ടുണ്ടെന്നും അവ 30 ദിവസത്തിനകം പാർലമെന്റിന്റെ ഇരുസഭകളുടെയും പരിഗണനയ്ക്ക് സമർപ്പിക്കുമെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചിരുന്നു.
എന്നാൽ, ചട്ടങ്ങൾ പാർലമെന്റിൽ അവതരിപ്പിച്ചിട്ടുണ്ടോ എന്നത് പരിഗണിക്കാതെ തന്നെ, അവയുടെ പകർപ്പ് രണ്ടാഴ്ചയ്ക്കകം സീൽ ചെയ്ത കവറിൽ കോടതിയിൽ ഹാജരാക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. കേസ് ഓഗസ്റ്റ് മൂന്നിന് വീണ്ടും പരിഗണിക്കും.
വിമാന ടിക്കറ്റ് നിരക്കുകളിൽ ഏർപ്പെടുത്തുന്ന അമിതമായ ‘സർജ് പ്രൈസിങ്’ നിയന്ത്രിക്കണമെന്നും, ബാഗേജ് ഉൾപ്പെടെയുള്ള അധിക നിരക്കുകൾക്ക് വ്യക്തമായ മാനദണ്ഡങ്ങൾ വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ടിക്കറ്റ് റദ്ദാക്കൽ, പണം തിരിച്ചുനൽകൽ എന്നിവയ്ക്കും ഏകീകൃത ചട്ടങ്ങൾ വേണമെന്നും യാത്രക്കാരുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ സ്വതന്ത്ര വ്യോമയാന നിയന്ത്രണ അതോറിറ്റി രൂപീകരിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു.
ഉത്സവകാലങ്ങളിലും പ്രധാന പരിപാടികളുടെ സമയത്തും വിമാനക്കമ്പനികൾ നിരക്ക് കുത്തനെ ഉയർത്തുന്നതിനെതിരെ നേരത്തെ സുപ്രീം കോടതി വിമർശനം ഉന്നയിച്ചിരുന്നു. കുംഭമേള സമയത്ത് വിമാന ടിക്കറ്റ് നിരക്കുകൾ വലിയ തോതിൽ ഉയർന്നത് ചൂണ്ടിക്കാട്ടിയ കോടതി, ഇത്തരം സാഹചര്യങ്ങളിൽ യാത്രക്കാരുടെ താൽപര്യം സംരക്ഷിക്കേണ്ടതുണ്ടെന്നും വ്യക്തമാക്കിയിരുന്നു.











