തിരുവനന്തപുരം: കേരളത്തിന്റെ തദ്ദേശീയ മദ്യ ബ്രാൻഡായ ‘ജവാൻ റം’ എന്ന പേര് മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി. കോഴിക്കോട് എലത്തൂർ സ്വദേശി, വിരമിച്ച തഹസിൽദാർ രാജേന്ദ്രൻ നായരാണ് പരാതി നൽകിയത്. ‘ജവാൻ’ എന്ന പേര് സൈനികരെ അപകീർത്തിപ്പെടുത്തുന്നതാണെന്നാണ് പരാതിയിലെ പ്രധാന ആരോപണം.
പരാതിയിന്മേൽ വിശദീകരണം നൽകിയ നിർമാതാക്കളായ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡ്, ബ്രാൻഡ് പേര് സൈനികരെ അപകീർത്തിപ്പെടുത്തുന്നതല്ലെന്ന് വ്യക്തമാക്കി. 1937 മുതൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ ഉൽപ്പന്നങ്ങൾ ഇന്ത്യൻ മിലിട്ടറി കാന്റീനുകളിലും വിതരണം ചെയ്തിരുന്നുവെന്നും അതിന്റെ ഭാഗമായാണ് ഈ പേര് നൽകിയതെന്നും കമ്പനി വിശദീകരിച്ചു.
എന്നാൽ കമ്പനിയുടെ വിശദീകരണം തൃപ്തികരമല്ലെന്നാണ് പരാതിക്കാരനായ രാജേന്ദ്രൻ നായരുടെ നിലപാട്. വിഷയത്തിൽ സർക്കാരിന്റെ ഇടപെടൽ പ്രതീക്ഷിക്കുന്നതായും അദ്ദേഹം അറിയിച്ചു.




