തിരുവനന്തപുരം: മകളെ വിവാഹം കഴിച്ച് നൽകാത്തതിലുള്ള വിരോധമാണ് തിരുവനന്തപുരത്ത് അച്ഛനെയും മകനെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ചതിന് പിന്നിലെന്നാണ് പൊലീസ് കണ്ടെത്തൽ. സ്ഫോടക വസ്തുക്കൾ ശരീരത്തിൽ കെട്ടിവച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷമാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തിൽ കണ്ടാൽ അറിയാവുന്ന അഞ്ച് പേർക്കെതിരെ നഗരൂർ പൊലീസ് കേസെടുത്തു. സുധീഷ് ആണ് കേസിലെ ഒന്നാം പ്രതി. ഷംനാദ് രണ്ടാം പ്രതിയാണ്. നാല് പ്രതികളെ തിരിച്ചറിഞ്ഞതായും പൊലീസ് അറിയിച്ചു.
പ്രതികൾ കിളിമാനൂർ കുമ്മിൾ സ്വദേശികളാണെന്നാണ് പൊലീസ് പറയുന്നത്. പ്രതികളുടെ മൊബൈൽ ഫോണുകൾ നിലവിൽ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇവർക്കായി വ്യാപക തിരച്ചിൽ തുടരുകയാണ്. വർക്കല, കല്ലമ്പലം, നഗരൂർ, കിളിമാനൂർ പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർ സംയുക്തമായാണ് അന്വേഷണം നടത്തുന്നത്.
കഴിഞ്ഞ ദിവസമാണ് വർക്കലയിൽ വടശ്ശേരിക്കോണം സ്വദേശികളായ അച്ഛനെയും മകനെയും സംഘം തട്ടിക്കൊണ്ടുപോയത്. നഗരൂരിലെ പണി പൂർത്തിയാകാത്ത വീട്ടിൽ എത്തിച്ച ശേഷം ഇരുവരെയും മർദ്ദിക്കുകയും ചങ്ങല ഉപയോഗിച്ച് കെട്ടിയിട്ട് മുറിയിൽ പൂട്ടിയിടുകയും ചെയ്തിരുന്നു.
ജോലി നൽകാമെന്ന് പറഞ്ഞാണ് അനിൽകുമാറിനെ പ്രതികൾ വിളിച്ചുവരുത്തിയത്. വീട്ടിൽ നടത്തിയ പരിശോധനയിൽ നാടൻ ബോംബുകൾ, തോക്ക്, ചങ്ങലകൾ, മറ്റ് മാരകായുധങ്ങൾ എന്നിവ പൊലീസ് കണ്ടെത്തിയിരുന്നു. അനിൽകുമാറിന്റെ ഭാര്യയെയും അപായപ്പെടുത്താൻ ശ്രമം നടന്നതായി പൊലീസ് അറിയിച്ചു.
സംഭവത്തിൽ നിന്ന് രക്ഷപ്പെട്ട മകൻ അച്ചു നഗരൂർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പരിക്കേറ്റ അനിൽകുമാറിനെയും അച്ചുവിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ തുടരുകയാണ്.












