കോഴിക്കോട്: ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായി പേരാമ്പ്രയിൽ നടത്തിയ പരിശോധനയിൽ 51.432 ഗ്രാം എംഡിഎംഎയും 8.5 ലക്ഷം രൂപയും പിടിച്ചെടുത്തു. സംഭവത്തിൽ മൂന്ന് പേരെ ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തു.
ജില്ലാ നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. ടി. ഉത്തംദാസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ രാത്രി പേരാമ്പ്ര വാല്യക്കോട് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് മുഹമ്മദ് തസ്നീം (34), സിറാജ് (42), മുഹമ്മദ് യാസീൻ (24) എന്നിവർ പിടിയിലായത്. ഇവർ സഞ്ചരിച്ച കെ.എ. 53 എം.ഡി. 5418 നമ്പർ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.
ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് ലഹരിമരുന്ന് എത്തിച്ച് വിതരണം നടത്തുന്നതിനിടെയാണ് വാല്യക്കോട്–മുളിയങ്ങൽ റോഡിൽ ഡാൻസാഫ് സംഘം പ്രതികളെ വളഞ്ഞത്. കോഴിക്കോട് റൂറൽ എസ്.പി.യ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കാറിന്റെ ഡാഷ്‌ബോർഡിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് എംഡിഎംഎ കണ്ടെത്തിയത്.
ലഹരി വിൽപ്പനയിലൂടെ ലഭിച്ച 8.5 ലക്ഷം രൂപ സീറ്റിനടിയിൽ കവറിൽ സൂക്ഷിച്ച നിലയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ പ്രധാന ലഹരി മൊത്തവിതരണക്കാരാണ് പിടിയിലായവരെന്നും കഴിഞ്ഞ ആറുമാസമായി ഇവർ ഡാൻസാഫിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. ചോദ്യം ചെയ്യലിൽ ലഹരി വിൽപ്പന സംബന്ധിച്ച വിവരങ്ങൾ പ്രതികൾ സമ്മതിച്ചതായും പൊലീസ് അറിയിച്ചു.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ലഹരി വ്യാപാരത്തിലേക്ക് തിരിഞ്ഞതാണെന്ന് മുഖ്യപ്രതിയായ തസ്നീം മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. ആഡംബര കാറുകൾ വാടകയ്‌ക്കെടുത്തും യുവാക്കളെയും യുവതികളെയും ലഹരി ശൃംഖലയിലേക്ക് ആകർഷിച്ചുമാണ് സംഘം പ്രവർത്തിച്ചിരുന്നതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. സ്ത്രീകളെ ലഹരിക്കടത്തിനായി കാരിയർമാരായി ഉപയോഗിച്ചിരുന്നുവെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്.
കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫിന്റെ നിർദേശപ്രകാരമാണ് പരിശോധന നടത്തിയത്. ഡാൻസാഫ് സംഘവും പേരാമ്പ്ര പൊലീസും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.











