ഗവൺമെന്റ് പ്ലീഡർമാരുടെ നിയമനവുമായി ബന്ധപ്പെട്ട് രണ്ട് ദിവസങ്ങളിലായി മുഖ്യമന്ത്രി വി. ഡി. സതീശനെതിരെ കാടടച്ചുള്ള വിമർശനങ്ങൾ ഉയരുകയാണ്. KSU അടക്കമുള്ള സ്വന്തം ചേരിക്കുള്ളിൽ നിന്ന് തന്നെ സമാനതകളില്ലാത്ത ആരോപണങ്ങൾ നേരിടുകയാണ്. ഗവൺമെന്റ് പ്ലീഡർമാരുടെ നിയമനവുമായി ബന്ധപ്പെടുത്തി ഉയർത്തിക്കൊണ്ടുവരുന്ന ഈ വിവാദങ്ങൾ പൂർണ്ണമായും രാഷ്ട്രീയ പ്രേരിതവും വസ്തുതാവിരുദ്ധവുമാണെന്ന വാദവും ഉയരുന്നുണ്ട്. സുതാര്യമായ നടപടിക്രമങ്ങളിലൂടെ മുന്നോട്ടുപോയ ഒരു വിഷയത്തെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കാനുള്ള ശ്രമങ്ങളെ കൃത്യമായ തെളിവുകളോടെയാണ് മുഖ്യമന്ത്രിയും അനുകൂലിക്കുന്നവരും പ്രതിരോധിക്കുന്നത്. അതിനാൽ തന്നെ മുഖ്യമന്ത്രിക്കപ്പുറം കോൺഗ്രസിനുള്ളിലെ എല്ലാ ഒറ്റുകാരും വെളിച്ചം കാണേണ്ടതുണ്ട്.
ഗവൺമെന്റ് പ്ലീഡർ നിയമനത്തിൽ മുഖ്യമന്ത്രി സ്വന്തം താല്പര്യപ്രകാരം ആളുകളെ തിരുകിക്കയറ്റി എന്ന രീതിയിലാണ് ആരോപണങ്ങൾ ഉന്നയിക്കപ്പെടുന്നത്. എന്നാൽ അങ്ങനെ തന്നെയാണോ യാഥാർത്ഥ്യം? വിഡി സതീശൻ മാത്രമാണോ എല്ലാത്തിനും പിന്നിലെ കുറ്റക്കാരൻ?
ലോയേഴ്സ് കോൺഗ്രസിന്റെ ഇടപെടലുകളാണ് ഇക്കാര്യത്തിൽ നിർണായകമാകുന്നത്. വിവിധ കോൺഗ്രസ് നേതാക്കളും ജനപ്രതിനിധികളും അവരവരുടെ നിർദ്ദേശങ്ങൾ സമർപ്പിക്കുകയും, ലോയേഴ്സ് കോൺഗ്രസ് ഔദ്യോഗികമായി തയ്യാറാക്കുകയും ചെയ്ത ലിസ്റ്റിൽ ഉൾപ്പെട്ട അർഹരായ അഭിഭാഷകരെ മാത്രമാണ് ഈ പദവികളിലേക്ക് പരിഗണിച്ചിട്ടുള്ളത്.
മുഖ്യമന്ത്രി എന്ന നിലയിൽ താൻ ഇതിലേക്ക് സ്വന്തം നിലയിൽ യാതൊരുവിധ ഇടപെടലുകളും നടത്തിയിട്ടില്ല എന്ന നിലപാടിൽ തന്നെ ഉറച്ച് നിൽക്കുകയാണ് വിഡി സതീശൻ. മടിയിൽ കനമില്ലാത്തതുകൊണ്ട് തന്നെ, ആരോപണങ്ങൾ ഉയർന്നയുടൻ ഈ ശുപാർശ ലിസ്റ്റ് പൊതുസമക്ഷം ഉയർത്തിക്കാട്ടാൻ അദ്ദേഹം തയ്യാറായി. ഇതോടെ പ്രതിപക്ഷത്തിന്റെയും ആഭ്യന്തര വിമർശകരുടെയും ആരോപണങ്ങളുടെ മുനയൊടിയുകയായിരുന്നു.
വിമർശകരുടെ ഇരട്ടത്താപ്പും മുൻകാല ചരിത്രവുമാണ് ഇവിടെ ശ്രദ്ധേയമാകുന്നത്. പഠിക്കുന്ന കാലത്ത് എസ്.എഫ്.ഐ പശ്ചാത്തലമുണ്ടായിരുന്ന ചിലർ ലിസ്റ്റിൽ കയറിപ്പറ്റി എന്ന ആക്ഷേപമുന്നയിക്കുന്നവർ സ്വന്തം ഭൂതകാലത്തെയും മുൻകാല രാഷ്ട്രീയ സാഹചര്യങ്ങളെയും സൗകര്യപൂർവ്വം മറക്കുകയാണ്. മുൻപ് തെരഞ്ഞെടുപ്പ് കാലങ്ങളിൽ, തൊട്ടുമുന്നേ വരെ സി.പി.എമ്മിന്റെ ഉന്നത പദവികളിലും മന്ത്രിസ്ഥാനങ്ങളിലും ഇരുന്നവർ പെട്ടെന്ന് വന്ന് കോൺഗ്രസിന്റെയോ യു.ഡി.എഫിന്റെയോ നിയമസഭാ സ്ഥാനാർത്ഥികളായപ്പോൾ മൗനം പാലിച്ചവരാണ് ഇപ്പോൾ ശുദ്ധീകരണ വാദവുമായി വരുന്നത്.
ഇനി ഉത്തരം ലഭിക്കേണ്ട ചോദ്യം, അവസരങ്ങൾ നഷ്ടപ്പെട്ടത് ആർക്ക് എന്നതാണ്. മുൻപും ഇത്തരം രാഷ്ട്രീയ പരീക്ഷണങ്ങൾ നടന്നപ്പോഴൊക്കെ യഥാർത്ഥത്തിൽ അവസരങ്ങൾ നഷ്ടപ്പെട്ടത് പാർട്ടിക്ക് വേണ്ടി ചോരയും നീരും നൽകിയ കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് തന്നെയായിരുന്നു. അന്ന് കാണിക്കാത്ത ആവേശം ഇപ്പോൾ ചിലർ വ്യക്തിപരമായ താല്പര്യങ്ങൾക്ക് വേണ്ടി കാണിക്കുന്നത് തികഞ്ഞ ഇരട്ടത്താപ്പാണെന്ന് പറയാതെ വയ്യ.
പാർട്ടി വേദികൾ മറന്ന് മാധ്യമ വിചാരണ നടത്തുന്നവർ ചിന്തിക്കേണ്ട ചില കാര്യങ്ങളുണ്ട്. കോൺഗ്രസ് എന്നത് ജനാധിപത്യത്തിന്റെ ബഹുസ്വരതയും ആഭ്യന്തര സ്വാതന്ത്ര്യവും അനുവദിക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനമാണ്. പാർട്ടിയിൽ അഭിപ്രായവ്യത്യാസങ്ങളും വിയോജിപ്പുകളും ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ അതിന്റെ ചട്ടക്കൂടുകൾ മറക്കുമ്പോഴാണ് ഇത്തരത്തിൽ പാർട്ടിയും സർക്കാരും പ്രതിരോധത്തിലാകുന്നത്. ചെന്നിത്തലയും കെസി വേണുഗോപാലും പോലുള്ള മുതിർന്ന നേതാക്കൾ നടത്തുന്ന പ്രതികരണങ്ങൾ ഇളംമുറക്കാർക്ക് മാതൃകയാക്കാവുന്നതാണ്. ഇരുവരും വിമർശനങ്ങളും ഒളിയമ്പുകളും എയ്യുമ്പോഴും പാർട്ടിയെ സമ്മർദ്ദത്തിലാക്കാതിരിക്കാനുള്ള വിവേകം കാണിക്കാറുണ്ട്.
വിയോജിപ്പുകൾ രേഖപ്പെടുത്താൻ കെ.പി.സി.സി യോഗങ്ങളും പാർട്ടി വേദികളും നിലവിലിരിക്കെ, കെ.എസ്.യു പ്രസിഡന്റും മറ്റ് ചില നേതാക്കളും പരസ്യ പ്രതികരണങ്ങൾക്കായി സോഷ്യൽ മീഡിയയെയും ദൃശ്യമാധ്യമങ്ങളെയും ആശ്രയിക്കുന്നത് ശരിയായ നടപടിയല്ലെന്ന് തന്നെയാണ് ഇപ്പോഴും ഭൂരിഭാഗം കോൺഗ്രസ് നേതാക്കളും അഭിപ്രായപ്പെടുന്നത്.
പാർട്ടിയെയും സർക്കാരിനെയും പൊതുമധ്യത്തിൽ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ മാധ്യമ വിചാരണ നടത്തുന്നത് അറിഞ്ഞോ അറിയാതെയോ രാഷ്ട്രീയ എതിരാളികൾക്ക് ആയുധം നൽകലാവും എന്നാണ് ഇവർ മുന്നോട്ട് വെക്കുന്ന ന്യായം. ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ മറ്റ് ചില നിക്ഷിപ്ത ലക്ഷ്യങ്ങളുണ്ടെന്ന് സാധാരണ പ്രവർത്തകർ സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താനാകില്ല. ജിന്റോ ജോണും വിആർ അനൂപും പോലുള്ളവർ ചോദ്യമുനയിലാകുന്നത് ഈ സന്ദർഭത്തിലാണ്.
വ്യക്തിപരമായ അജണ്ടകളും രാഷ്ട്രീയ വിരോധവും മുൻനിർത്തി സർക്കാരിന്റെ പ്രതിച്ഛായ തകർക്കാൻ നോക്കുന്നവരുടെ പിന്നിലാര് എന്ന് കണ്ടെത്താൻ കോൺഗ്രസുകാർ തന്നെ മുന്നിട്ടിറങ്ങും. കേരളത്തിലെ വലിയൊരു വിഭാഗം ജനങ്ങളുടെയും ജനാധിപത്യ വിശ്വാസികളായ മുഴുവൻ കോൺഗ്രസ് പ്രവർത്തകരുടെയും നഷ്ടപ്പെടുത്താതെ മുന്നോട്ട് പോവുക എന്നതാണ് വിഡി സതീശന്റെ മുന്നിലെ യഥാർത്ഥ വെല്ലുവിളി. അധികാരമേറ്റെടുത്ത അന്ന് മുതൽ കൂടെയുള്ള വിവാദങ്ങൾ സത്യത്തിൽ സമാധാനപൂർണമായ ഭരണത്തിനുള്ള അവസരം സർക്കാരിൽ നിന്ന് അകറ്റുകയാണ്.


