ന്യൂയോർക്ക്: ന്യൂജേഴ്‌സി സ്റ്റേഡിയത്തിൽ നടന്ന ഫിഫ ലോകകപ്പ് 2026 ഫൈനലിൽ സ്പെയിനിന്റെ സർവ്വാധിപത്യത്തിന് മുന്നിൽ അർജന്റീന മുട്ടുകുത്തിയിരുന്നു. ഒപ്പം കുറച്ചധികം നാണക്കേടിന്റെ റെക്കോർഡുകളും നിലവിലെ ചാമ്പ്യന്മാർ കൂടിയായ അർജന്റീനയ്ക്ക് ഏൽക്കേണ്ടി വന്നു. കലാശപ്പോരിൽ നിശ്ചിത 90 മിനിറ്റിൽ സ്പാനിഷ് ഗോൾമുഖത്തേക്ക് ഒരു ഷോട്ട് പോലും ഉതിർക്കാൻ ലയണൽ മെസ്സിക്കും സംഘത്തിനും സാധിച്ചില്ല.
ഇതോടെ അത്ര അഭിമാനകരമല്ലാത്ത ഒരു ചരിത്രത്തിന്റെ ഭാഗമാകാനായിരുന്നു നിലവിലെ ചാമ്പ്യന്മാരുടെ വിധി. സ്പാനിഷ് ഗോൾകീപ്പർ ഉനായ് സിമോണെ ഒരു തവണ പോലും പരീക്ഷിക്കാൻ കഴിയാതെ പോയതോടെ അർജന്റീന ആരും ആഗ്രഹിക്കാത്ത ഒരു റെക്കോർഡ് പട്ടികയിലാണ് ഇടംപിടിച്ചത്. പ്രശസ്ത സ്പോർട്സ് സ്റ്റാറ്റിസ്റ്റിക്സ് പ്ലാറ്റ്‌ഫോമായ ‘ഒപ്റ്റ’യുടെ കണക്കുകൾ പ്രകാരം, ഫിഫ ലോകകപ്പ് ഫൈനലിന്റെ 90 മിനിറ്റിൽ ഒരു ഷോട്ട് പോലും രേഖപ്പെടുത്താത്ത ചരിത്രത്തിലെ ആദ്യ ടീമായി അർജന്റീന മാറി.
ഫുട്ബോളിലെ ഏറ്റവും വലിയ വേദിയിൽ നിന്നുള്ള ലയണൽ മെസ്സിയുടെ വിജയകരമായ പടിയിറക്കമെന്ന മോഹങ്ങളെ തകർത്തുകൊണ്ട് എക്സ്ട്രാ ടൈമിൽ ഫെറാൻ ടോറസ് നേടിയ നാടകീയ ഗോളിലാണ് സ്പെയിൻ വിജയം ഉറപ്പിച്ചത്.




