അഗർത്തല: ത്രിപുര പൊലീസ് മേധാവി (ഡിജിപി) അനുരാഗ് ധങ്കറെ അഗർത്തലയിലെ പൊലീസ് ആസ്ഥാനത്ത് മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 1994 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ അനുരാഗ് ധങ്കർ സ്വന്തം സർവീസ് പിസ്റ്റൾ ഉപയോഗിച്ച് സ്വയം വെടിവെച്ചതായാണ് സംശയം. ഉടൻ തന്നെ അദ്ദേഹത്തെ അഗർത്തലയിലെ ജി.ബി. പന്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.
സംഭവത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അമിതാഭ് രഞ്ജന് ശേഷം 2025 മെയ് മാസത്തിലാണ് അനുരാഗ് ധങ്കർ ത്രിപുര ഡിജിപിയായി ചുമതലയേറ്റത്. അതിന് മുമ്പ് ത്രിപുരയിൽ ഡയറക്ടർ ജനറൽ (ഇന്റലിജൻസ്) ആയി പ്രവർത്തിച്ചിരുന്നു. സിബിഐയിൽ സേവനമനുഷ്ഠിച്ച കാലത്ത് നിരവധി പ്രധാന അന്വേഷണങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകിയിരുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)




