കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ വിവാദങ്ങളിൽ വീണ്ടും പ്രതികരണവുമായി പ്രസിഡന്റ് ശ്വേത മേനോൻ. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങൾ നേരിടുന്നവരാണ് തനിക്കെതിരെ വ്യക്തിപരമായ ആക്രമണം നടത്താൻ സംഘടനയിലെ ചിലരെ ഉപയോഗിക്കുന്നതെന്ന് ശ്വേത ആരോപിച്ചു. സാമൂഹ്യമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ശ്വേത നിലപാട് വ്യക്തമാക്കിയത്. പരസ്യപ്രതികരണങ്ങൾ ഒഴിവാക്കിയിരുന്നെങ്കിലും യഥാർഥ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനാലാണ് വിശദീകരണം നൽകുന്നതെന്ന് അവർ പറഞ്ഞു.
തന്റെ പോരാട്ടം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന ‘പവർ ഗ്രൂപ്പിനെതിരെയാണ്’ എന്ന് ശ്വേത വ്യക്തമാക്കി. കഴിഞ്ഞ വാർഷിക ജനറൽ ബോഡി യോഗത്തിൽ തന്നെ അപമാനിച്ച് പുറത്താക്കാൻ ശ്രമം ഉണ്ടായെന്നും അവർ ആരോപിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇരകൾക്കൊപ്പം എന്നും നിന്നിട്ടുണ്ടെന്നും അത് മാധ്യമ ശ്രദ്ധയ്ക്കോ വ്യക്തിപരമായ നേട്ടത്തിനോ വേണ്ടിയല്ലെന്നും ശ്വേത പറഞ്ഞു.
ചിലരുടെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ചപ്പോൾ അതിന് മറുപടി നൽകാതെ വ്യക്തിപരമായ അധിക്ഷേപങ്ങളാണ് നേരിടേണ്ടി വന്നതെന്നും, താൻ ഉന്നയിച്ച വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ നുണപ്രചാരണങ്ങൾ നടത്തുകയാണെന്നും ശ്വേത ആരോപിച്ചു.




