കാസർകോട്: കണ്ണൂർ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ പരാതിയുമായി കാസർകോട് സ്വദേശി മഹ്ഷാദ് രംഗത്ത്. പരിശോധനയുടെ പേരിൽ തന്നെ അധിക്ഷേപിക്കുകയും മോശമായി പെരുമാറുകയും ചെയ്തെന്നാണ് യുവാവിന്റെ ആരോപണം.
പരിശോധനയ്ക്കിടെ തന്നെ നഗ്‌നനാക്കി പരിശോധിച്ചെന്നും ആളുകൾ നോക്കിനിൽക്കെ കള്ളക്കടത്തുകാരനായി ചിത്രീകരിക്കാൻ ശ്രമിച്ചെന്നും മഹ്ഷാദ് പരാതിയിൽ പറയുന്നു. സംഭവത്തിൽ മുഖ്യമന്ത്രിക്കും കസ്റ്റംസ് കമ്മീഷണർക്കുമാണ് അദ്ദേഹം പരാതി നൽകിയത്.
ദുബായിൽ ഐ.ടി മാനേജറായി ജോലി ചെയ്യുന്ന മഹ്ഷാദ് ഞായറാഴ്ചയാണ് നാട്ടിലെത്തിയത്. വിമാന ടിക്കറ്റ് നിരക്ക് കുറവായതിനാലാണ് കണ്ണൂർ വിമാനത്താവളം വഴി യാത്ര ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. രാവിലെ 9 മണിയോടെ വിമാനത്താവളത്തിലെത്തി മറ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം കസ്റ്റംസ് ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തി മുറിയിലേക്ക് കൊണ്ടുപോയെന്നാണ് ആരോപണം.
കാസർകോട് സ്വദേശിയായ താൻ എന്തിനാണ് കണ്ണൂർ വഴി എത്തിയതെന്ന് ഉദ്യോഗസ്ഥർ ചോദിച്ചതായും, ഏത് വിമാനത്താവളം വഴിയും യാത്ര ചെയ്യാമെന്ന് മറുപടി നൽകിയതിനെ തുടർന്നാണ് പ്രശ്നമുണ്ടായതെന്നും മഹ്ഷാദ് പറയുന്നു.
പരിശോധനയിൽ ഒന്നും കണ്ടെത്താൻ കഴിയാതെ വന്നപ്പോൾ ഉദ്യോഗസ്ഥർ ചിരിക്കുകയും പരിഹസിക്കുകയും ചെയ്തെന്നും അദ്ദേഹം ആരോപിച്ചു. പ്രവാസിയായ തനിക്ക് ഇതുവരെ ഇത്തരം അനുഭവം ഉണ്ടായിട്ടില്ലെന്നും മഹ്ഷാദ് വ്യക്തമാക്കി. കസ്റ്റംസ് പരിശോധന മാനദണ്ഡങ്ങൾ പാലിച്ചാണോ നടന്നതെന്ന് പരിശോധിക്കണമെന്നും വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.



