കൊച്ചി: അങ്കമാലി കറുകുറ്റിയിലെ ഒരു ഹോട്ടലിൽ മീൻ വറുത്തതിന് ഉപ്പും രുചിയും കുറവാണെന്ന് ആരോപിച്ച് ഷെഫിനെ കത്തിയാൽ വെട്ടിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ ഹോട്ടൽ ഉടമയ്ക്കെതിരെ പൊലീസ് കേസെടുത്തു. ‘മീൻവിലാസം’ ഹോട്ടലിലെ ഷെഫും കൊല്ലം സ്വദേശിയുമായ റിയാസിനാണ് പരിക്കേറ്റത്. ഹോട്ടലിന്റെ ഉടമകളിൽ ഒരാളായ മലപ്പുറം സ്വദേശി മുഹമ്മദ് ഉവൈസിനെതിരെയാണ് കേസ്.
ഞായറാഴ്ച രാത്രി 10ഓടെയായിരുന്നു സംഭവം. ഹോട്ടലിലെത്തിയ മുഹമ്മദ് ഉവൈസ് ഫിഷ് ഫ്രൈ ഓർഡർ ചെയ്തതിനെ തുടർന്ന് ഷെഫ് റിയാസ് മീൻ തയ്യാറാക്കി നൽകി. എന്നാൽ മീനിന് ആവശ്യമായ ഉപ്പും രുചിയും ഇല്ലെന്ന് ആരോപിച്ച് റിയാസിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തതോടെയാണ് തർക്കം ആരംഭിച്ചത്.
ഹോട്ടലിലെ ഫ്രീസർ തകരാറിലായതിനാലാണ് മീനിന്റെ ഗുണനിലവാരം കുറഞ്ഞതെന്നും പലതവണ ആവശ്യപ്പെട്ടിട്ടും ഫ്രീസർ നന്നാക്കാൻ ഉടമകൾ തയ്യാറായില്ലെന്നും റിയാസ് മറുപടി നൽകിയതോടെ തർക്കം രൂക്ഷമായതായി പരാതിയിൽ പറയുന്നു. തുടർന്ന് മുഹമ്മദ് ഉവൈസ് റിയാസിനെ മർദിക്കുകയും അടുക്കളയിലെ കത്തിയെടുത്ത് ആക്രമിക്കുകയും തവി ഉപയോഗിച്ച് അടിക്കുകയും ചെയ്തുവെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്.
ആക്രമണത്തിൽ റിയാസിന്റെ കൈയ്ക്ക് ആഴത്തിൽ മുറിവേറ്റു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം പ്രാഥമിക ചികിത്സ നൽകി ഡിസ്ചാർജ് ചെയ്തതായാണ് വിവരം. പരിക്ക് ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തിൽ അനധികൃതമായി തടഞ്ഞുവെച്ച് മർദിച്ചതിനും മാരകായുധം ഉപയോഗിച്ച് ആക്രമിച്ചതിനുമാണ് അങ്കമാലി പൊലീസ് മുഹമ്മദ് ഉവൈസിനെതിരെ കേസെടുത്തത്. ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.











