കുവൈത്ത് സിറ്റി: വ്യോമ മാർഗം കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ച അപൂർവ മയക്കുമരുന്ന് ശേഖരം കുവൈത്ത് സുരക്ഷാസേന പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ശ്രീലങ്കൻ സ്വദേശികളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
എയർ ഫ്രൈറ്റ് വഴി എത്തിയ തപാൽ പാഴ്സലിൽ മയക്കുമരുന്ന് ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥരും മയക്കുമരുന്ന് വിരുദ്ധ വിഭാഗവും ചേർന്നാണ് പരിശോധന നടത്തിയത്.
പരിശോധനയിൽ 10 ബൾബുകൾക്കുള്ളിൽ പുസ്തകത്തിന്റെ രൂപത്തിൽ ഒളിപ്പിച്ച 210 ലഹരിമരുന്ന് ഷീറ്റുകൾ കണ്ടെത്തി. പാഴ്സൽ കൈപ്പറ്റാനെത്തിയ ആദ്യ പ്രതിയെ സ്ഥലത്തുവച്ച് പൊലീസ് പിടികൂടി. ചോദ്യം ചെയ്യലിൽ മറ്റൊരാൾക്ക് മയക്കുമരുന്ന് കൈമാറാനാണ് എത്തിയതെന്ന് ഇയാൾ സമ്മതിച്ചു. തുടർന്ന് പൊലീസ് നടത്തിയ നീക്കത്തിൽ രണ്ടാമത്തെ പ്രതിയെയും അറസ്റ്റ് ചെയ്തു.
പ്രതികളിൽ നിന്ന് 10 ഗ്രാം മെത്താംഫെറ്റാമൈനും ഒരു ഡിജിറ്റൽ ത്രാസും പിടിച്ചെടുത്തു. പിടിച്ചെടുത്ത ലഹരിമരുന്നുകളും മറ്റ് തെളിവുകളും സഹിതം പ്രതികളെ തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.




