കുവൈത്ത് സിറ്റി: കുവൈത്തിലെ കബ്ദ് മേഖലയിലെ ഒട്ടക മാർക്കറ്റ് പ്രദേശത്തുണ്ടായ വെടിവെപ്പിൽ സുഡാനീസ് ഒട്ടക വ്യാപാരി കൊല്ലപ്പെട്ടു. സംഭവത്തിന് പിന്നാലെ പ്രതിയായ ഗൾഫ് പൗരൻ ഉപയോഗിച്ച തോക്കുമായി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
സാമ്പത്തിക തർക്കത്തെ തുടർന്നാണ് പ്രതി സുഡാനീസ് വ്യാപാരിക്ക് നേരെ വെടിയുതിർത്തതെന്നാണ് സുരക്ഷാ വൃത്തങ്ങൾ നൽകുന്ന വിവരം. വെടിയേറ്റ വ്യാപാരിക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിനിടെ മാർക്കറ്റിലുണ്ടായിരുന്ന ചില ഒട്ടകങ്ങൾക്കും വെടിയേറ്റതായി റിപ്പോർട്ടുകളുണ്ട്.
വെടിവെപ്പിന് ശേഷം പ്രതി വെള്ള നിറത്തിലുള്ള ഫോർ വീൽ ഡ്രൈവ് വാഹനത്തിൽ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷാസേനയും ക്രിമിനൽ അന്വേഷണ വിഭാഗവും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.
തുടർന്ന് പ്രതി കബ്ദ് പൊലീസ് സ്റ്റേഷനിലെത്തി കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധം കൈമാറി കീഴടങ്ങുകയായിരുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് മുന്നിൽ ഹാജരാക്കി.
പബ്ലിക് പ്രോസിക്യൂഷന്റെ നിർദേശപ്രകാരം മരിച്ചയാളുടെ മൃതദേഹം ഫോറൻസിക് മെഡിസിൻ വിഭാഗത്തിലേക്ക് മാറ്റി. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.




