കൊച്ചി: എറണാകുളം അങ്കമാലി തുറവൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മൂക്കന്നൂർ ചൂളപുര പുതുശേരി വീട്ടിൽ ഡെവിൻ (28) ആണ് മരിച്ചത്.
സൗദി അറേബ്യയിൽ വെൽഡറായി ജോലി ചെയ്തിരുന്ന ഡെവിൻ ഒരു വർഷം മുമ്പാണ് നാട്ടിലെത്തിയത്. വീണ്ടും വിദേശത്തേക്ക് പോകാനുള്ള ഒരുക്കത്തിലിരിക്കെയായിരുന്നു ദാരുണ അപകടം.
തുറവൂർ കൊമര പാടശേഖര–വാതക്കാട് റോഡിൽ ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഡെവിൻ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിൽ ഇടിച്ചശേഷം സമീപത്തെ ഓടയിലേക്ക് മറിയുകയായിരുന്നു.
രാവിലെ നടക്കാനിറങ്ങിയ നാട്ടുകാരാണ് അപകടത്തിൽപ്പെട്ട ബൈക്ക് കണ്ടത്. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഡെവിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അങ്കമാലി പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം മാറ്റി. വിദേശത്തുള്ള മാതാവ് നാട്ടിലെത്തിയ ശേഷമാകും സംസ്കാര ചടങ്ങുകൾ നടക്കുക.




