പത്തനംതിട്ട: കോന്നിയിൽ കുടുംബശ്രീ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് സൊസൈറ്റി യോഗം നടക്കുന്നതിനിടെ സീലിംഗ് ഫാൻ പൊട്ടിവീണ് അംഗത്തിന് പരുക്കേറ്റു. കോന്നി സ്വദേശിനിയായ സന്ധ്യയ്ക്കാണ് അപകടത്തിൽ പരുക്കേറ്റത്.
കോന്നി പഞ്ചായത്ത് ഓഫീസിലെ കമ്മ്യൂണിറ്റി ഹാളിൽ കുടുംബശ്രീ സിഡിഎസ് യോഗം പുരോഗമിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി സീലിംഗ് ഫാൻ മേൽക്കൂരയിൽ നിന്ന് അഴിഞ്ഞുവീണത്. അപകടത്തിൽ സന്ധ്യയുടെ മുഖത്ത് പരുക്കേറ്റു.
സംഭവത്തെ തുടർന്ന് ഉടൻ തന്നെ സന്ധ്യയെ കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ചികിത്സയിൽ തുടരുകയാണ്.
പഞ്ചായത്ത് ഓഫീസിലെ കമ്മ്യൂണിറ്റി ഹാൾ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന് കാലപ്പഴക്കമുണ്ടെന്ന് അധികൃതർ അറിയിച്ചു. കെട്ടിടത്തിന്റെ പഴക്കമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. കെട്ടിടങ്ങളുടെ സുരക്ഷാ പരിശോധനയും ആവശ്യമായ അറ്റകുറ്റപ്പണികളും ഉടൻ പൂർത്തിയാക്കുമെന്നും പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.




