കാരക്കസ്: വെനസ്വേലയിൽ ഹാന്റാവൈറസ് ബാധിച്ച് മൂന്ന് പേർ മരിച്ചതായി ആരോഗ്യ അധികൃതർ സ്ഥിരീകരിച്ചു. അൻസോവാതേഗി സംസ്ഥാനത്തിലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
തെക്കുപടിഞ്ഞാറൻ ബാരിനാസ് സംസ്ഥാനത്ത് മരിച്ച രണ്ട് ആരോഗ്യപ്രവർത്തകർക്കും ഹാന്റാവൈറസ് ബാധയുണ്ടായിരിക്കാമെന്ന് ആരോഗ്യ വിദഗ്ധരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇതുസംബന്ധിച്ച അന്തിമ സ്ഥിരീകരണം ഉണ്ടായിട്ടില്ല.
നിലവിൽ റിപ്പോർട്ട് ചെയ്ത കേസുകൾ ഒറ്റപ്പെട്ട സംഭവങ്ങളാണെന്നും പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വെനസ്വേല ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗബാധ നിയന്ത്രണവിധേയമാണെന്നും ആവശ്യമായ ആരോഗ്യസുരക്ഷാ നടപടികൾ എല്ലായിടത്തും ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
സമീപകാലത്ത് ഒരു ക്രൂയിസ് കപ്പലിൽ അപൂർവമായി ഹാന്റാവൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന സംഭവം റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും അൻസോവാതേഗിയിലെയും ബാരിനാസിലെയും കേസുകൾക്ക് അതുമായി ബന്ധമില്ലെന്നാണ് അധികൃതരുടെ വിശദീകരണം.




