ഇടുക്കി: ഇടുക്കി മറയൂരിന് സമീപം പള്ളനാട്ടിൽ സ്കൂളിലേക്ക് പോകാനായി വാഹനം കാത്തുനിന്നിരുന്ന എട്ടുവയസ്സുകാരനെ കാട്ടുപോത്ത് ആക്രമിച്ചു. പള്ളനാട് സ്വദേശിയായ കാർത്തികിനാണ് വ്യാഴാഴ്ച രാവിലെ നടന്ന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്ത് കുട്ടിയെ കുത്തിയെടുത്തെറിഞ്ഞെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. തുടർന്ന് പ്രദേശത്ത് പരിഭ്രാന്തി പരത്തിയ കാട്ടുപോത്ത് ജനവാസ മേഖലയിലൂടെ ഓടിമറയുകയും ചെയ്തു.
പരിക്കേറ്റ കുട്ടിയെ ആദ്യം മറയൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും തുടർന്ന് അടിമാലി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കുകൾ ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിന് ശേഷം ഓടിപ്പോയ കാട്ടുപോത്ത് വഴിയിലുണ്ടായിരുന്ന രണ്ട് വാഹനങ്ങളും തകർത്തതായും നാട്ടുകാർ പറഞ്ഞു.
സംഭവത്തെ തുടർന്ന് പള്ളനാട് മേഖലയിൽ പ്രതിഷേധം ശക്തമായി. കാട്ടുപോത്തിന്റെ ആക്രമണം ആവർത്തിക്കുന്ന സാഹചര്യത്തിൽ അതിനെ മയക്കുവെടി വെച്ച് പിടികൂടി മാറ്റണമെന്ന ആവശ്യമുന്നയിച്ച് നാട്ടുകാർ മൂന്നാർ–മറയൂർ സംസ്ഥാനപാത ഉപരോധിച്ചു. മുമ്പും ഇതേ കാട്ടുപോത്ത് പ്രദേശത്ത് ആക്രമണം നടത്തിയിട്ടുണ്ടെന്നും, വനംവകുപ്പ് നൽകിയ ഉറപ്പുകൾ പാലിക്കപ്പെട്ടിട്ടില്ലെന്നും പ്രതിഷേധക്കാർ ആരോപിച്ചു.
മണിക്കൂറുകൾ നീണ്ട ഉപരോധത്തിനൊടുവിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തി. കുട്ടിക്ക് ആവശ്യമായ വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്നും കാട്ടുപോത്തിന്റെ നീക്കങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക വാച്ചറെ നിയോഗിക്കുമെന്നും അധികൃതർ അറിയിച്ചു. നിലവിൽ കാട്ടുപോത്ത് വനത്തിനുള്ളിലേക്ക് മടങ്ങിയതായും വനംവകുപ്പ് വ്യക്തമാക്കി.












