ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണത്തിനെതിരെ കോക്രോച്ച് ജനതാ പാർട്ടി. മോദിയുടെ പ്രതികരണം ഒടിവിന് ബാൻഡ് എയ്ഡ് ഒട്ടിക്കുന്നതിന് സമാനമാണെന്ന് സിജെപി വിമർശിച്ചു.
യുവാക്കളുടെ ഭാവിക്ക് കൂടുതൽ പ്രാധാന്യം നൽകേണ്ടത് വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ സ്ഥാനത്തേക്കാൾ പ്രധാനമാണെന്നും സിജെപി വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ പ്രതികരണം ക്രൂരമായ തമാശയാണെന്നും, സമരത്തിന്റെ യഥാർഥ ആവശ്യങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്നും പാർട്ടി ആരോപിച്ചു.
ചോദ്യപേപ്പർ ചോർച്ച നിയമപരമായ പ്രശ്നമല്ലെന്നും, സംവിധാനത്തിന്റെ പരാജയമാണെന്നും സിജെപി പറഞ്ഞു. സംഭവത്തിൽ ധർമേന്ദ്ര പ്രധാൻ നേരിട്ട് ഉത്തരവാദിയാണെന്നും ആരോപിച്ച പാർട്ടി, നേരത്തെ ഉന്നയിച്ച നാല് ആവശ്യങ്ങളിൽ ഉറച്ചുനിന്ന് സമരം തുടരുമെന്നും അറിയിച്ചു.
അതേസമയം, പ്രധാനമന്ത്രിയുടെ പ്രതികരണം ചൂണ്ടിക്കാട്ടി സമരത്തിനെതിരായ നിലപാട് ശക്തമാക്കുകയാണ് ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു തീരുമാനം എടുത്താൽ അത് പൂർണതയിലെത്തിക്കുമെന്ന് രാജ്യത്തിനും ലോകത്തിനും അറിയാമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ പ്രതികരിച്ചു.
നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായാണ് പ്രതികരിച്ചത്. പരീക്ഷാ ക്രമക്കേടുകളിൽ ഉൾപ്പെട്ടവർക്ക് ശിക്ഷ ഉറപ്പാക്കുന്നതിനായി ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാൻ തീരുമാനിച്ചതായി പ്രധാനമന്ത്രി സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.
യുവജനങ്ങളുടെ ഭാവി തകർക്കാൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ലെന്നും, കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മോദി വ്യക്തമാക്കി. സമരം ആരംഭിച്ചതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ പ്രതികരണമായിരുന്നു ഇത്.




