തിരുവനന്തപുരം: കേരള സർവകലാശാല ചോദ്യപേപ്പറിൽ വീണ്ടും ഗുരുതര പിഴവെന്ന് ആരോപണം. നാലാം സെമസ്റ്റർ എം.എ ഹിസ്റ്ററി വിഭാഗത്തിൽ നടത്തിയ പരീക്ഷയിലാണ് ചോദ്യപേപ്പറിൽ ക്രമക്കേട് കണ്ടെത്തിയത്.
കാര്യവട്ടം ക്യാമ്പസിൽ ഇന്നലെ നടന്ന എം.എ ഹിസ്റ്ററി ഓഫ് ഫ്രീഡം മൂവ്‌മെന്റ് ഇൻ ഇന്ത്യ എന്ന വിഷയത്തിന്റെ രണ്ട് സെറ്റ് ചോദ്യപേപ്പറുകളിലാണ് പിഴവ് കണ്ടെത്തിയത്. മൂന്ന് ചോദ്യങ്ങൾ മാറ്റമില്ലാതെ രണ്ട് വിഭാഗങ്ങളിലായി ആവർത്തിച്ച് ഉൾപ്പെടുത്തിയതായും, നാല് ചോദ്യങ്ങളിൽ ചെറിയ വ്യത്യാസങ്ങൾ മാത്രമാണുള്ളതെന്നും കണ്ടെത്തിയിട്ടുണ്ട്.
ചോദ്യപേപ്പർ തയ്യാറാക്കുന്നതിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആപ്ലിക്കേഷനുകളുടെ ഉപയോഗമാണ് പിഴവിന് കാരണമെന്ന ആരോപണവും ഉയരുന്നുണ്ട്. എന്നാൽ വിഷയത്തിൽ ഔദ്യോഗികമായി പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നാണ് സർവകലാശാല അധികൃതരുടെ വിശദീകരണം.
ചോദ്യപേപ്പറുകളിൽ തുടർച്ചയായി പിഴവുകൾ സംഭവിക്കുന്നത് വിദ്യാർത്ഥികൾക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി വിദ്യാർത്ഥി സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. പരീക്ഷാ ചോദ്യപേപ്പറുകൾ തയ്യാറാക്കുന്നതിലും പരിശോധിക്കുന്നതിലും കൂടുതൽ കർശനമായ നടപടികൾ വേണമെന്നാണ് ആവശ്യം.
പരാതി ലഭിച്ചിട്ടില്ലെങ്കിലും ചോദ്യപേപ്പർ പരിശോധിച്ച് വീഴ്ച കണ്ടെത്തിയാൽ ബന്ധപ്പെട്ടവർക്കെതിരെ നടപടി സ്വീകരിച്ചേക്കുമെന്നാണ് സൂചന.
ഇതിന് മുമ്പും കേരള സർവകലാശാലയിലെ പരീക്ഷാ ചോദ്യപേപ്പറിൽ പിഴവ് കണ്ടെത്തിയിരുന്നു. ബി.എസ്.സി രണ്ടാം സെമസ്റ്റർ സ്റ്റാറ്റിസ്റ്റിക്‌സ് പരീക്ഷയുടെ ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരവും അച്ചടിച്ച സംഭവമാണ് അന്ന് വിവാദമായത്. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് പരീക്ഷാ കൺട്രോളർ അറിയിക്കുകയും ബോർഡ് ഓഫ് എക്സാമിനേഷനോട് വിശദീകരണം തേടുകയും ചെയ്തിരുന്നു.


