തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോർട്ട് പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) നാളെ ഡിജിപിക്ക് കൈമാറും. റിപ്പോർട്ട് പരിശോധിച്ച ശേഷമായിരിക്കും കേസെടുക്കുന്നതുൾപ്പെടെയുള്ള തുടർനടപടികളിൽ ഡിജിപി തീരുമാനമെടുക്കുക. ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
കെഎഎസ്, ആസൂത്രണ ബോർഡ് ചീഫ് പരീക്ഷകൾ, എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് റിസർച്ച് ഓഫീസർ പരീക്ഷ എന്നിവയിലെ ക്രമക്കേട് ആരോപണങ്ങളാണ് അന്വേഷണപരിധിയിലുള്ളത്. ഇതുവരെ വിവിധ ഉദ്യോഗാർഥികളിൽ നിന്ന് 40-ഓളം പരാതികൾ എസ്‌ഐടിക്ക് ലഭിച്ചിട്ടുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസവും പിഎസ്‌സി ആസ്ഥാനത്ത് എസ്‌ഐടി പരിശോധന നടത്തി. പരീക്ഷാ വിഭാഗത്തിലെ കമ്പ്യൂട്ടറുകൾ ഐടി വിദഗ്ധരുടെ സഹായത്തോടെ പരിശോധിക്കുകയും ഡിജിറ്റൽ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.
അതേസമയം, ആസൂത്രണ ബോർഡിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട രേഖകൾ പിഎസ്‌സി ക്രൈംബ്രാഞ്ചിന് കൈമാറി. ചോദ്യപേപ്പർ, ഉത്തരസൂചിക, അഭിമുഖത്തിന് വിളിച്ച ഉദ്യോഗാർഥികളുടെ വിവരങ്ങൾ, മാർക്ക് ഷീറ്റുകൾ ഉൾപ്പെടെയുള്ള രേഖകളാണ് അന്വേഷണത്തിന്റെ ഭാഗമായി കൈമാറിയിരിക്കുന്നത്.











