തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടികളുടെ ഭാഗമായി കെഎസ്ആർടിസി ആരംഭിച്ച ‘പിങ്ക് ബസ്’ ലേഡീസ് ഒൺലി സർവീസിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നടന്നു. മന്ത്രി സി.പി. ജോൺ ഉദ്ഘാടനം നിർവഹിച്ചു.
തൊഴിൽ ചെയ്യുന്ന സ്ത്രീകൾക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. സ്ത്രീകൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാൻ കഴിയുന്ന സാഹചര്യം ഒരുക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ടെക്‌നോപാർക്ക് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വനിതകളുടെ രാത്രികാല യാത്രാ സുരക്ഷ പരിഗണിച്ച് രാത്രി എട്ട് മണിക്കും പത്ത് മണിക്കും ഇടയിൽ പിങ്ക് ബസ് സർവീസുകൾ നടത്തും. വൈകാതെ പദ്ധതി മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്നും യാത്രക്കാരുടെ ആവശ്യങ്ങൾ വിലയിരുത്തി റൂട്ടുകളും സമയക്രമവും ക്രമീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
രാത്രി സർവീസുകൾക്ക് പുറമെ പകൽ സമയങ്ങളിലും പിങ്ക് ബസിന്റെ സേവനം ലഭ്യമാകും. ട്രെയിനിൽ എത്തുന്ന സ്ത്രീകൾ, ചെറിയ കുട്ടികളുമായി യാത്ര ചെയ്യുന്ന അമ്മമാർ, രോഗികൾ തുടങ്ങിയവർക്ക് മെഡിക്കൽ കോളേജിലേക്ക് സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനായാണ് രാവിലെ സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.
പൊതുഗതാഗത ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിൽ കെഎസ്ആർടിസി മാതൃകാപരമായ പ്രവർത്തനമാണ് നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. ജനങ്ങൾക്കിടയിൽ കെഎസ്ആർടിസിക്ക് മികച്ച വിശ്വാസ്യതയും സ്വീകാര്യതയും നേടിയെടുക്കാനായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൗജന്യ യാത്രാ പദ്ധതികൾ നടപ്പാക്കുന്നതിന്റെ പേരിൽ കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം മുടങ്ങുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും മന്ത്രി വ്യക്തമാക്കി.
ചടങ്ങിൽ കൗൺസിലർ ഹരികുമാർ അധ്യക്ഷനായി. കെഎസ്ആർടിസി ചെയർമാനും മാനേജിങ് ഡയറക്ടറുമായ പി.എസ്. പ്രമോജ് ശങ്കർ സ്വാഗതം പറഞ്ഞു. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, യാത്രക്കാർ തുടങ്ങിയവർ പങ്കെടുത്തു.




