കൊച്ചി: കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കും പാലാരിവട്ടം എസ്എച്ച്ഒയ്ക്കുമെതിരെ നടപടി ആവശ്യപ്പെട്ട് നടി അൻസിബ ഹസ്സൻ കോടതിയെ സമീപിച്ചു. സ്ത്രീത്വത്തെ അപമാനിച്ചെന്നാരോപിച്ച് നടി ലക്ഷ്മിപ്രിയയ്ക്കെതിരെ നൽകിയ പരാതിയിൽ പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ചാണ് അൻസിബ കോടതിയിലെത്തിയത്.
കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ ഇടപെട്ടില്ലെന്നും പാലാരിവട്ടം എസ്എച്ച്ഒ അനൂപിനെതിരെയും നടപടി വേണമെന്നും അൻസിബ ആവശ്യപ്പെട്ടു. താൻ നൽകിയ മൊഴി പൊലീസ് റിപ്പോർട്ടിൽ തിരുത്തിയതായും നടി ആരോപിച്ചു.
എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായ അൻസിബ സ്വകാര്യ അന്യായത്തിൽ മൊഴി നൽകി. ലക്ഷ്മിപ്രിയയ്ക്കും കാൻ മീഡിയ ചാനലിനുമെതിരെ ജൂൺ 26നാണ് അൻസിബ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
യൂട്യൂബ് ചാനലിലൂടെ അപകീർത്തികരവും അശ്ലീലവും വ്യാജവുമായ പ്രചാരണങ്ങൾ നടത്തിയെന്നായിരുന്നു പരാതി. എന്നാൽ കേസിൽ പൊലീസ് കാര്യക്ഷമമായി അന്വേഷണം നടത്തുന്നില്ലെന്ന് ആരോപിച്ച് അൻസിബ കോടതിയെ സമീപിക്കുകയായിരുന്നു.
അതേസമയം, ലക്ഷ്മിപ്രിയയ്ക്കെതിരായ പരാതിയിൽ കേസെടുക്കാൻ കഴിയില്ലെന്നാണ് പൊലീസ് നിലപാട് അറിയിച്ചത്. വീഡിയോ പരിശോധിച്ചതിൽ അപകീർത്തി സംബന്ധമായ വകുപ്പ് മാത്രമേ നിലനിൽക്കുന്നുള്ളൂവെന്നും മറ്റ് കുറ്റങ്ങൾ കണ്ടെത്താനായില്ലെന്നും പൊലീസ് വ്യക്തമാക്കി.




