കൊച്ചി: ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് റാപ്പർ വേടന്റെ നേതൃത്വത്തിൽ ഇന്ന് കൊച്ചിയിൽ ‘ആസാദി യാത്ര’ നടക്കും. വൈകിട്ട് 3 മണിക്ക് ഭരണഘടന ഉയർത്തിപ്പിടിച്ചാണ് പദയാത്ര സംഘടിപ്പിക്കുന്നത്.
ഡൽഹിയിലെ സമരത്തെ പിന്തുണച്ച് കഴിഞ്ഞ ദിവസം പനമ്പിള്ളി നഗറിൽ നടന്ന പരിപാടിയിൽ വേടൻ പങ്കെടുത്തിരുന്നു. ഈ പരിപാടി പൊലീസിന്റെ അനുമതിയില്ലാതെ നടത്തിയെന്നാരോപിച്ച് എറണാകുളം ടൗൺ സൗത്ത് പൊലീസ് കേസെടുത്തു. വേടന്റെ മാനേജർ വിഗ്നേഷിനെയും കണ്ടാലറിയാവുന്ന 99 പേരെയും പ്രതികളാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസെടുത്തതിന് പിന്നാലെയാണ് ഇന്ന് ആസാദി യാത്ര സംഘടിപ്പിക്കുന്നത്.
അതേസമയം, വേടനെതിരെ കേസെടുത്ത നടപടിയെ സിപിഐഎം വിമർശിച്ചു. കേരളത്തിൽ സമരക്കാർക്കെതിരെ കേസ് എടുക്കുന്നത് ശരിയല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. വേടനെതിരായ കേസ് പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.




