കൊല്ലം: കുളത്തൂപ്പുഴയിൽ അമ്മയുടെ മൃതദേഹം വീട്ടിൽ സൂക്ഷിച്ച് മകൻ പൂജ നടത്തി. ആർപിഎൽ എസ്റ്റേറ്റ് ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന ചിന്നത്താമ (90)യുടെ മൃതദേഹമാണ് മകൻ കൃഷ്ണസ്വാമി വീട്ടിൽ സൂക്ഷിച്ചിരുന്നത്.
അമ്മ മരിച്ചതിന് ശേഷം ആരെയും വീടിനുള്ളിലേക്ക് കൃഷ്ണസ്വാമി പ്രവേശിപ്പിച്ചിരുന്നില്ല. ഇന്നലെ രാത്രി അദ്ദേഹത്തിന്റെ മകളും പേരക്കുട്ടിയും വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. തുടർന്ന് നാട്ടുകാരെയും പഞ്ചായത്ത് അംഗത്തെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു.
പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹത്തിന് ഏകദേശം നാല് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. കൃഷ്ണസ്വാമി മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്ന് പൊലീസ് അറിയിച്ചു. അമ്മയുടെ അപ്രതീക്ഷിത മരണത്തെ തുടർന്നുണ്ടായ മാനസിക ആഘാതമാണ് ഇത്തരമൊരു പ്രവൃത്തിക്ക് കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ മറ്റ് ദുരൂഹതകളൊന്നും കണ്ടെത്തിയിട്ടില്ല.


