ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയാവശ്യത്തിൽ നിലപാട് കടുപ്പിച്ച് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. ധർമേന്ദ്ര പ്രധാൻ രാജിവെക്കാത്ത പക്ഷം ഡൽഹിയിലെ പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്നും ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നും സംഘടന വ്യക്തമാക്കി.
നാളെ വൈകിട്ട് ആറിന് രാജ്യവ്യാപകമായി മെഴുകുതിരി മാർച്ച് സംഘടിപ്പിക്കുമെന്നും, 24 മണിക്കൂറിനുള്ളിൽ പാർലമെന്റ് മാർച്ച് പുനരാരംഭിക്കുമെന്നും സി.ജെ.പി. അറിയിച്ചു. ഡൽഹിയിൽ പൊലീസ് നിയന്ത്രണങ്ങൾ ശക്തമാക്കിയിട്ടും പ്രതിഷേധവേദിയിലേക്ക് വിദ്യാർഥികളും പിന്തുണക്കാരും എത്തുന്നത് തുടരുകയാണ്.
അതേസമയം, ധർമേന്ദ്ര പ്രധാനെ മന്ത്രിസഭയിൽ നിന്ന് മാറ്റണമെന്ന ആവശ്യം കേന്ദ്രസർക്കാർ അംഗീകരിക്കാനുള്ള സാധ്യത കുറവാണെന്നാണ് സൂചന. മറ്റ് ആവശ്യങ്ങൾ പരിഗണിക്കാമെന്ന നിലപാടാണ് ഉച്ചയ്ക്ക് നടക്കുന്ന നിർണായക ചർച്ചയിൽ സി.ജെ.പി. നേതൃത്വത്തെ അറിയിക്കുകയെന്നാണ് വിവരം. ധർമേന്ദ്ര പ്രധാനെ മാറ്റുന്നത് കൂടുതൽ പ്രതിഷേധങ്ങൾക്ക് വഴിവെക്കുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.
ഡൽഹിയിൽ പ്രതിഷേധത്തിനിടെ ഉണ്ടായ സംഘർഷത്തെ തുടർന്ന് ഡൽഹി പൊലീസ് ഉടൻ വാർത്താസമ്മേളനം നടത്തുമെന്നും സംഭവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പുറത്തുവിടുമെന്നും അറിയിച്ചു. ഇതിനിടെ, കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയും പ്രശ്നപരിഹാരത്തിനായി സംവാദത്തിനും സമവായത്തിനും മുൻഗണന നൽകണമെന്നും ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവത് അഭിപ്രായപ്പെട്ടു.
ജന്തർ മന്തർ പരിസരത്ത് സുരക്ഷ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. അധിക ബാരിക്കേഡുകൾ സ്ഥാപിച്ച പൊലീസ് മുൻകരുതൽ നടപടിയുടെ ഭാഗമായി 18 മെട്രോ സ്റ്റേഷനുകൾ ഇന്നും അടച്ചിട്ടിരിക്കുകയാണ്.













