കൊച്ചി: പയ്യന്നൂരിൽ പൊലീസിനെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട സിപിഐഎം കൗൺസിലർ വി.കെ. നിഷാദിന് ഹൈക്കോടതി അഞ്ച് ദിവസത്തെ അടിയന്തര പരോൾ അനുവദിച്ചു. മാതാവിന്റെ ചികിത്സയ്ക്കായാണ് കോടതി പരോൾ അനുവദിച്ചത്. 2025 നവംബർ 25-നാണ് കേസിൽ വി.കെ. നിഷാദിന് 20 വർഷത്തെ തടവുശിക്ഷ വിധിച്ചത്.
ശിക്ഷയ്ക്ക് ശേഷം നേരത്തെയും നിഷാദിന് പലതവണ പരോൾ ലഭിച്ചിരുന്നു. ആദ്യം അച്ഛന്റെ ചികിത്സയും പിന്നീട് ഭാര്യയുടെ അമ്മയുടെ ചികിത്സയും ചൂണ്ടിക്കാട്ടിയാണ് പരോൾ ലഭിച്ചത്. ഫെബ്രുവരിയിലും ഏഴ് ദിവസത്തെ പരോൾ അനുവദിച്ചിരുന്നു.
അതേസമയം, മുൻപ് പരോളിലായിരിക്കെ വ്യവസ്ഥകൾ ലംഘിച്ച് സിപിഐഎം സംഘടിപ്പിച്ച ഒരു പൊതുപരിപാടിയിൽ നിഷാദ് പങ്കെടുത്തത് വിവാദമായിരുന്നു. ഇതിനിടെ നടന്ന ഉപതെരഞ്ഞെടുപ്പിൽ തലശ്ശേരി മുനിസിപ്പാലിറ്റിയിലെ കൊമ്മൽവയൽ വാർഡിൽ നിന്ന് ജയിലിൽ കഴിയുന്നതിനിടെയാണ് വി.കെ. നിഷാദ് വിജയിച്ചത്. നാമനിർദേശപത്രിക സമർപ്പിച്ച ശേഷമാണ് കേസിലെ വിധി വന്നതിനാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നിയമപരമായ തടസ്സമുണ്ടായിരുന്നില്ല.




